‘അമീറുൽ മുഅ്മിനീൻ ഇമാം അലിയെപ്പോലെ, മറ്റൊരു റമദാനിൽ ഖാംനഇയുടെയും രക്തസാക്ഷ്യം’; പ്രതികാരം ചെയ്യാതെ അടങ്ങില്ലെന്ന് ഇറാൻ വിപ്ലവ ഗാർഡ്
തെഹ്റാന്: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ മരണത്തിൽ ഔദ്യോഗികമായി വാർത്താ കുറിപ്പ് പുറത്തിറക്കി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്(ഐആർജിസി). അമേരിക്കയുടെയും ഇസ്രയേലിന്റെയും ക്രൂരമായ ഭീകരാക്രമണമാണു നടന്നതെന്ന് സൈന്യം പറഞ്ഞു. പരമോന്നത നേതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യാതെ അടങ്ങില്ലെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു. ഖാംനഇയുടെ മരണവാർത്ത തസ്നിം, ഫാർസ് ഉൾപ്പെടെയുള്ള ഇറാൻ വാർത്താ ഏജൻസികൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെത്തുടർന്ന് രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതു അവധിയും ഇറാൻ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
വിപ്ലവത്തിന്റെ ‘സയ്യിദു ശുഹദാ'(രക്തസാക്ഷികളുടെ നേതാവ്) എന്നാണ് ഖാംനഇയെ വിപ്ലവ ഗാർഡ് വിശേഷിപ്പിച്ചത്. വിയോഗം ഇറാന്റെ ആഭ്യന്തര സുരക്ഷാ കൗൺസിലിനെയും സൈന്യത്തെയും വലിയ നടുക്കത്തിലാഴ്ത്തിയിട്ടുണ്ട്. റെവല്യൂഷണറി ഗാർഡ് പുറത്തിറക്കിയ ഔദ്യോഗിക അനുശോചന കുറിപ്പിൽ അദ്ദേഹത്തിന്റെ മരണത്തെ പ്രവാചകാനുയായി ഇമാം അലിയുടെ രക്തസാക്ഷിത്വത്തോടാണ് ഉപമിച്ചിരിക്കുന്നത്.
”വിശുദ്ധ റമദാൻ മാസത്തിൽ, അമീറുൽ മുഅ്മിനീൻ ഇമാം അലിയെപ്പോലെ, ഫാത്തിമ ബീവിയുടെ പരിശുദ്ധനായ പുത്രനും മഹാനായ പോരാളിയുമായ ഖാംനഇയുടെ രക്തസാക്ഷ്യവും സംഭവിച്ചിരിക്കുന്നു. ഖാംനഇയുടെ ആത്മാവിനെ സർവശക്തനായ ദൈവം സ്വീകരിക്കുകയും അദ്ദേഹത്തിന് രക്തസാക്ഷിത്വത്തിന്റെ പദവി നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ.
മാനവികതയുടെ കൊടും ശത്രുക്കളും ലോകത്തിലെ ഏറ്റവും വലിയ ക്രിമിനൽ ഭീകരവാദികളുമായവരുടെ കരങ്ങളാൽ കൊല്ലപ്പെട്ടു എന്നത് ഈ മഹാനായ നേതാവിന്റെ സത്യസന്ധതയുടെയും അദ്ദേഹം ചെയ്ത സേവനങ്ങളുടെ ദൈവികമായ സ്വീകാര്യതയുടെയും അടയാളമാണ്. ഇസ്ലാമിനും ഇറാനും വേണ്ടിയുള്ള ഈ രക്തസാക്ഷിത്വം വിജയത്തിലേക്കുള്ള സൂചനയും നമ്മുടെ അന്തിമ ലക്ഷ്യത്തോടൊപ്പമുള്ള പ്രയാണവുമാണ്. ഖാംനഇയുടെ വിയോഗം ഇറാന്റെ പോരാട്ട വീര്യത്തെ തകർക്കില്ല.അദ്ദേഹത്തിന്റെ പാത കൂടുതൽ കരുത്തോടെയും പ്രതാപത്തോടെയും മുന്നോട്ട് പോകും”- സൈന്യം വ്യക്തമാക്കി.