‘നിങ്ങൾ ഓക്കെ അല്ലേ?’ തകർന്നു വീണ അമേരിക്കൻ പൈലറ്റിനെ ചേർത്തുപിടിച്ച് കുവൈത്ത് സ്വദേശി
കുവൈത്ത് സിറ്റി: സംഘർഷഭരിതമായ സാഹചര്യങ്ങൾക്കിടയിലും മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. കുവൈത്ത് വ്യോമ പ്രതിരോധ സേനയുടെ ഭാഗത്തുനിന്നുണ്ടായ പിഴവിൽ (Friendly Fire) വിമാനം തകർന്നു വീണ യുഎസ് പൈലറ്റിനെ കുവൈത്ത് സിവിലിയൻ സഹായിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
മണൽപ്പരപ്പിൽ യൂണിഫോം ധരിച്ച് ഇരിക്കുന്ന പൈലറ്റിനടുത്തേക്ക് ഒരു സാധാരണക്കാരൻ നടന്നുചെല്ലുന്നതും, ഇംഗ്ലീഷിൽ ‘നിങ്ങൾ ഓക്കെ അല്ലേ?’ എന്ന് ചോദിക്കുന്നതും വീഡിയോയിൽ കാണാം. ‘ഞങ്ങളെ സഹായിച്ചതിന് നന്ദി’ എന്ന് അദ്ദേഹം പൈലറ്റിനോട് പറയുന്നതും ദൃശ്യങ്ങളിലുണ്ട്. പൈലറ്റ് ബോധാവസ്ഥയിലാണെന്നും ഇരുവരും തമ്മിൽ യാതൊരുവിധ സംഘർഷങ്ങളും ഉണ്ടായില്ലെന്നും ഓപ്പൺ സോഴ്‌സ് ഇന്റലിജൻസ് (OSINT) പങ്കിട്ട ക്ലിപ്പ് വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം രാത്രി ‘ഓപറേഷൻ എപ്പിക് ഫ്യൂറി’യുടെ ഭാഗമായി പറന്ന മൂന്ന് യുഎസ് എഫ്15E സ്‌െ്രെടക്ക് ഈഗിൾ വിമാനങ്ങളാണ് കുവൈത്തിന് മുകളിൽ തകർന്നു വീണത്. ഇറാനിയൻ വിമാനങ്ങളിൽ നിന്നും മിസൈലുകളിൽ നിന്നുമുള്ള ആക്രമണം പ്രതിരോധിക്കുന്നതിനിടെ കുവൈത്ത് സേനയ്ക്ക് പറ്റിയ അബദ്ധമാണ് അപകടത്തിന് കാരണമായതെന്ന് യുഎസ് സെൻട്രൽ കമാൻഡ്
അറിയിച്ചു.
വിമാനത്തിലുണ്ടായിരുന്ന ആറ് ക്രൂ അംഗങ്ങളും സുരക്ഷിതമായി പുറത്തേക്ക് ചാടി. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും കുവൈത്ത് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. 1976 മുതൽ തോൽവിയറിയാത്ത ചരിത്രമുള്ള എഫ്15 വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ഇരുരാജ്യങ്ങളും സംയുക്തമായി അന്വേഷണം നടത്തിവരികയാണ്.