എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക പൂർത്തിയായി; കാസർകോട് ഷാനവാസ് പാദൂർ, താനൂരിൽ മുഹമ്മദ് സമീർ, വള്ളിക്കുന്നിൽ സി.പി മുസ്തഫ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അവസാന ഘട്ട സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചതോടെ 140 മണ്ഡലങ്ങളിലും എൽഡിഎഫ് ചിത്രം തെളിഞ്ഞു. കാസർകോട്, താനൂർ, വള്ളിക്കുന്ന് എന്നീ മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഏറ്റവും ഒടുവിൽ പ്രഖ്യാപിച്ചത്. ഇതോടെ ഇടതുമുന്നണി കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നു.
കാസർകോട് മണ്ഡലത്തിൽ ഷാനവാസ് പാദൂരിനെ സ്വതന്ത്ര സ്ഥാനാർത്ഥിയായി എൽഡിഎഫ് കളത്തിലിറക്കി. താനൂരിൽ മുഹമ്മദ് സമീറാണ് ഇടതു സ്വതന്ത്രനായി ജനവിധി തേടുന്നത്. വള്ളിക്കുന്നിൽ ഐഎൻഎൽ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി അഡ്വ. സി.പി മുസ്‌തഫയെയും നിശ്ചയിച്ചു. തിരുവനന്തപുരം മണ്ഡലത്തിൽ നടൻ സുധീർ കരമനയെ സ്വതന്ത്ര സ്ഥാനാർത്ഥിയായി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
ഇന്ന് പ്രഖ്യാപിക്കപ്പെട്ട സ്ഥാനാർത്ഥികൾ വരും ദിവസങ്ങളിൽ പ്രചാരണ രംഗത്ത് സജീവമാകും. തിങ്കളാഴ്ച ഇവർ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയായതോടെ എല്ലാ മണ്ഡലങ്ങളിലും ചിട്ടയായ പ്രവർത്തനങ്ങളിലൂടെ വിജയം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് ഇടതുമുന്നണി നേതൃത്വം.