ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയതിന് തെളിവുമായി വി. കുഞ്ഞികൃഷ്ണൻ
കണ്ണൂർ: പയ്യന്നൂരിലെ സിപിഎം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ നിർണ്ണായക തെളിവുകൾ പുറത്തുവിട്ട് മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ. കൊല്ലപ്പെട്ട സി.വി ധനരാജിന്റെ കുടുംബസഹായ ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറിയുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളാണ് അദ്ദേഹം പരസ്യപ്പെടുത്തിയത്. പയ്യന്നൂർ റൂറൽ ബാങ്കിന്റെ മെയിൻ ബ്രാഞ്ചിലെ അക്കൗണ്ടിൽ നിന്ന് 2018 ജൂലൈ 9-നാണ് ഈ പണമിടപാട് നടന്നിരിക്കുന്നത്.
ഫണ്ട് വെട്ടിപ്പ് നടന്നിട്ടില്ലെന്ന പാർട്ടി നേതൃത്വത്തിന്റെ വാദങ്ങളെ തള്ളിക്കൊണ്ടാണ് കുഞ്ഞികൃഷ്ണൻ രംഗത്തെത്തിയത്. രക്തസാക്ഷി ഫണ്ട് ചെലവഴിച്ചതിന്റെ കണക്കുകൾ കമ്മിറ്റിക്ക് മുന്നിൽ അവതരിപ്പിച്ച രേഖയുടെ പകർപ്പും അദ്ദേഹം പുറത്തുവിട്ടു. രക്തസാക്ഷിയുടെ പേരിൽ പിരിച്ച പണം പോലും അപഹരിക്കുന്നത് പ്രവർത്തകരെയും അനുഭാവികളെയും വഞ്ചിക്കുന്നതാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
സത്യം സൂര്യനെപ്പോലെ തെളിഞ്ഞുനിൽക്കുകയാണെന്നും ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാൻ ശ്രമിച്ചാൽ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അഴിമതിക്കാർക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.