30/03/2026
[fontresizer_tawhidurrahmandear_widget]

‘ഭരണം മാറാൻ പോകുന്നത് ഇറാനിലല്ല; അമേരിക്കയിൽ! ഇവിടെ രാജാക്കന്മാർ വേണ്ട’; ട്രംപിനെതിരെ പോർവിളിയുമായി സഹോദരപുത്രി

 ‘ഭരണം മാറാൻ പോകുന്നത് ഇറാനിലല്ല; അമേരിക്കയിൽ! ഇവിടെ രാജാക്കന്മാർ വേണ്ട’; ട്രംപിനെതിരെ പോർവിളിയുമായി സഹോദരപുത്രി

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിദേശനയങ്ങളെയും ഭരണശൈലിയെയും കടന്നാക്രമിച്ച് സഹോദരപുത്രി മേരി ട്രംപ്. ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ട് ട്രംപ് നടത്തുന്ന സൈനിക നീക്കങ്ങൾ പരിഹാസ്യമാണെന്നും, യഥാർത്ഥ ഭരണമാറ്റം നടക്കാൻ പോകുന്നത് അമേരിക്കയിലാണെന്നും മേരി ട്രംപ് പ്രസ്താവിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ പങ്കുവെച്ച കുറിപ്പ് ഇതിനകം വൈറലായിട്ടുണ്ട്. ട്രംപിന്റെ യുദ്ധനയങ്ങളിൽ പ്രതിഷേധിച്ച് യുഎസ് നഗരങ്ങളിൽ നടക്കുന്ന ‘നോ കിങ്‌സ്’ പ്രക്ഷോഭത്തിൽ അണിചേരാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട് അവർ.

‘ഡൊണാൾഡ് ഒടുവിൽ ഒരു ഭരണമാറ്റം കൊണ്ടുവരും. പക്ഷേ അത് ഇറാനിലല്ല, അമേരിക്കയിലായിരിക്കും. ഇവിടെ രാജാക്കന്മാർ വേണ്ട’-മേരി ട്രംപ് എക്‌സിൽ കുറിച്ചു.

അമേരിക്കയിൽ ട്രംപ് ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യപരമായ നയങ്ങൾക്കെതിരെ ഇരമ്പുന്ന ‘നോ കിങ്‌സ്’ ജനകീയ പ്രക്ഷോഭത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മേരി ട്രംപ് പരസ്യമായി രംഗത്തിറങ്ങിയിട്ടുണ്ട്. മാർച്ച് 28-ന് അമേരിക്കയിലെ 3,000-ത്തിലധികം നഗരങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ 80 ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അലാസ്‌കയിലെ കൊട്‌സെബ്യൂ മുതൽ പ്യൂർട്ടോ റിക്കോ വരെ ജനങ്ങൾ തെരുവിലിറങ്ങി.

അഹിംസാത്മകമായ പോരാട്ടത്തിലൂടെ മാറ്റം കൊണ്ടുവരാൻ ജനസംഖ്യയുടെ 3.5 ശതമാനം ആളുകൾ സജീവമായി രംഗത്തിറങ്ങിയാൽ മതിയെന്ന് മേരി ട്രംപ് ആഹ്വാനം ചെയ്തു. സ്വന്തം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ട്രംപ് ഭരണകൂടത്തിനെതിരെ കടുത്ത ആരോപണങ്ങളാണ് മേരി ഉന്നയിക്കുന്നത്. വിവാദം സൃഷ്ടിച്ച ‘പ്രോജക്ട് 2025’ പദ്ധതിയുടെ ഭാഗങ്ങൾ നടപ്പാക്കി ട്രംപ് ജനാധിപത്യത്തെ തകർക്കുകയാണെന്ന് അവർ ആരോപിക്കുന്നു. കോൺഗ്രസിന്റെ അനുമതിയില്ലാതെ ഇറാനുൾപ്പെടെയുള്ള രാജ്യങ്ങളിൽ സൈനിക നീക്കങ്ങൾ നടത്തുന്നത് രാജ്യത്തെ അപകടത്തിലാക്കും. വിദ്വേഷം നിറഞ്ഞ പ്രസംഗങ്ങളിലൂടെ ട്രംപ് അമേരിക്കൻ ജനതയെ വിഭജിക്കുകയാണ്. വിനാശകരമായ സാമ്പത്തിക നയങ്ങൾ വഴി ട്രംപ് ഭരണകൂടം ജനജീവിതം ദുസ്സഹമാക്കുകയാണെന്നും മേരി വിമർശിച്ചു.

അമേരിക്കൻ പ്രസിഡന്റ് ഒരു ‘രാജാവല്ല’ എന്ന് ഓർമിപ്പിച്ചുകൊണ്ടാണ് ‘നോ കിങ്‌സ്’ പ്രക്ഷോഭം ശക്തമാകുന്നത്. സമാധാനപരമായ ജനകീയ മുന്നേറ്റത്തിലൂടെ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കണമെന്ന് മേരി ട്രംപ് ആഹ്വാനം ചെയ്തു. പ്രക്ഷോഭകർക്ക് ആവേശം പകരാൻ ഫ്രഞ്ച് കവി ചാൾസ് ബോദ്ലെയറുടെ വരികളും അവർ ഉദ്ധരിച്ചു. അമേരിക്കൻ ജനാധിപത്യത്തിന്റെ ഭാവി നിർണയിക്കുന്ന പോരാട്ടമായി ‘നോ കിങ്‌സ്’ മൂവ്മെന്റ് ഇതിനകം തന്നെ മാറിക്കഴിഞ്ഞു.

Also read: