മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കാൻ നീക്കം; ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയവുമായി ‘ഇൻഡ്യ’ മുന്നണി
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സി.ഇ.സി) ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാൻ ഒരുങ്ങി പ്രതിപക്ഷ കൂട്ടായ്മയായ ‘ഇൻഡ്യ’ ബ്ലോക്ക്. വോട്ടർ പട്ടികയിൽ നിന്ന് വൻതോതിൽ പേരുകൾ നീക്കം ചെയ്യുന്നു എന്നാരോപിച്ച് തൃണമൂൽ കോൺഗ്രസ് മുന്നോട്ടുവെച്ച നിർദ്ദേശത്തിന് മറ്റ് പ്രതിപക്ഷ പാർട്ടികൾ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന നിർണ്ണായക യോഗത്തിലാണ് തീരുമാനമുണ്ടായത്. പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കിയപ്പോൾ വ്യാപകമായ ക്രമക്കേടുകൾ നടന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമത ബാനർജി കഴിഞ്ഞ നാല് ദിവസമായി പ്രതിഷേധത്തിലാണ്. ഇതിന്റെ തുടർച്ചയായാണ് സി.ഇ.സിയെ നീക്കം ചെയ്യാനുള്ള നീക്കം പ്രതിപക്ഷം ശക്തമാക്കിയത്.
തൃണമൂൽ കോൺഗ്രസ് നേതാവ് ശതാബ്ദി റോയ് ആണ് യോഗത്തിൽ വിഷയം ഉന്നയിച്ചത്. ഭരണഘടനയുടെ 324(5) വകുപ്പ് പ്രകാരം സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിന് സമാനമായ സങ്കീർണ്ണമായ നടപടിക്രമങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കാനും വേണ്ടത്. ലോക്‌സഭയിൽ നൂറോ രാജ്യസഭയിൽ അമ്പതോ അംഗങ്ങളുടെ ഒപ്പ് പ്രമേയത്തിന് അത്യാവശ്യമാണ്. തങ്ങൾക്ക് ഇതിനാവശ്യമായ അംഗബലമുണ്ടെന്ന് പ്രതിപക്ഷ നേതാക്കൾ അവകാശപ്പെടുന്നു. വരും ദിവസങ്ങളിൽ തന്നെ പ്രമേയം സഭയിൽ അവതരിപ്പിക്കാനാണ് പ്രതിപക്ഷ നീക്കം.