“ചെറ്റത്തരം എന്ന വാക്ക് എപ്പോളാണിത്ര അശ്ലീലമായത്? ചെറ്റത്തരം കാണിച്ചാൽ ചെറ്റത്തരമെന്ന് പറയില്ലേ”- മുഖ്യമന്ത്രി
ഇടുക്കി: സിപിഎം വിട്ട ജി സുധാകരനെതിരെ താൻ നടത്തിയ ‘രാഷ്ട്രീയ ചെറ്റത്തരം’ എന്ന പ്രയോഗത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. താൻ സുധാകരനെ ‘ചെറ്റ’ എന്ന് വിളിച്ചിട്ടില്ലെന്നും, അത്തരത്തിൽ ചിത്രീകരിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
“ചെറ്റത്തരം എന്ന വാക്ക് എപ്പോഴാണ് ഇത്രമാത്രം അശ്ലീലമായതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ചെറ്റത്തരം കാണിച്ചാൽ ചെറ്റത്തരമെന്ന് പറയില്ലേ? അത് സാധാരണ പറയുന്നതല്ലേ,” എന്ന് മുഖ്യമന്ത്രി ചോദിച്ചു. ചില്ലറ വോട്ടുകൾക്കും സീറ്റുകൾക്കും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല തങ്ങളെന്ന് കാലങ്ങളായി പറയാറുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു വ്യക്തിയെ അധിക്ഷേപിക്കുകയല്ല, മറിച്ച് നിലപാടുകളിലെ വഞ്ചനയെയാണ് താൻ സൂചിപ്പിച്ചത്. ‘വർഗവഞ്ചകൻ’ എന്ന് പറയുന്നതുപോലെ രാഷ്ട്രീയമായ നിലപാടില്ലായ്മയെ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.