അമേരിക്കൻ താവളങ്ങൾ തകർക്കാൻ ഇറാന് റഷ്യയുടെ ഇന്റലിജൻസ് സഹായം
തെഹ്റാൻ/മോസ്കോ: പശ്ചിമേഷ്യയിൽ യുദ്ധത്തിൽ നേരിട്ടല്ലെങ്കിലും റഷ്യയും പങ്കാളിയാകുന്നതായുള്ള വിവരങ്ങളാണു പുറത്തുവരുന്നത്. അമേരിക്കൻ സൈനിക താവളങ്ങളെയും യുദ്ധക്കപ്പലുകളെയും ലക്ഷ്യം വെച്ച് ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്ക് പിന്നിൽ റഷ്യയുടെ രഹസ്യാന്വേഷണ സഹായമെന്ന് റിപ്പോർട്ട്. അമേരിക്കൻ സേനയുടെ കൃത്യമായ സ്ഥാനങ്ങൾ കണ്ടെത്തുന്നതിനായി റഷ്യ ഇറാന് ഉപഗ്രഹ വിവരങ്ങൾ കൈമാറുന്നതായി യുഎസ് മാധ്യമങ്ങൾ വെളിപ്പെടുത്തുന്നു.
അമേരിക്കൻ യുദ്ധക്കപ്പലുകൾ, റഡാർ സംവിധാനങ്ങൾ, ആശയവിനിമയ കേന്ദ്രങ്ങൾ എന്നിവ എവിടെയാണെന്ന കൃത്യമായ വിവരങ്ങൾ റഷ്യ ഇറാന് നൽകുന്നുണ്ടെന്ന് ‘വാഷിങ്ടൺ പോസ്റ്റ്’ ചില സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. റഷ്യയിൽനിന്നുള്ള ഇന്റലിജൻസ് വിവരങ്ങൾ ലഭ്യമായതോടെ അമേരിക്കൻ കമാൻഡ് സെന്ററുകളെയും റഡാർ സൈറ്റുകളെയും കൂടുതൽ കൃത്യതയോടെ ലക്ഷ്യം വെക്കാൻ ഇറാന് സാധിക്കുന്നു.
ഇറാന്റെ പക്കൽ നിലവിൽ പരിമിതമായ സൈനിക ഉപഗ്രഹങ്ങൾ മാത്രമേയുള്ളൂ. ഇതിനാലാണ് റഷ്യയുടെ സാറ്റലൈറ്റ് സംവിധാനങ്ങളെ ആശ്രയിക്കുന്നതെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. റഷ്യയുടെ വിപുലമായ ഉപഗ്രഹ ശൃംഖലയിൽനിന്നുള്ള വിവരങ്ങൾ ഇറാന് വലിയ മുൻതൂക്കം നൽകുന്നുണ്ട്.
ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ട്രംപിനോട് ചോദിച്ചിരുന്നു. ഫോസ്ക് ന്യൂസ് റിപ്പോർട്ടറുടെ ചോദ്യത്തെ വിഡ്ഢിത്തം എന്ന് പറഞ്ഞു തള്ളുകയായിരുന്നു അമേരിക്കൻ പ്രസിഡന്റ് ചെയ്തത്. ഇറാൻ സൈന്യത്തെ തങ്ങൾ ഇതിനകം തന്നെ തകർത്തുകഴിഞ്ഞുവെന്ന അവകാശവാദവും നടത്തി ട്രംപ്.
റഷ്യയിൽനിന്നും ചൈനയിൽനിന്നും തങ്ങൾക്ക് രാഷ്ട്രീയവും അല്ലാത്തതുമായ സഹായങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇതേക്കുറിച്ച് സൂചിപ്പിച്ചിരുന്നു. എന്നാൽ, ഇറാൻ ഇതുവരെയും തങ്ങളോട് സൈനികമോ അല്ലാത്തതോ ആയ ഒരു സഹായവും തേടിയിട്ടില്ലെന്നാണ് റഷ്യ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
യുക്രെയ്ൻ യുദ്ധത്തിൽ റഷ്യ പയറ്റുന്ന തന്ത്രത്തിന് സമാനമായി, ഡ്രോണുകൾ ഉപയോഗിച്ച് പ്രതിരോധം തകർത്ത ശേഷം ബാലിസ്റ്റിക് മിസൈലുകൾ വർഷിക്കുന്ന രീതിയാണ് ഇറാൻ ഇപ്പോൾ പിന്തുടരുന്നത്. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക് ഇറാൻ ഷാഹിദ് ഡ്രോണുകൾ വ്യാപകമായി എത്തിച്ചിരുന്നു. റഷ്യയുടെ പുതിയ ഇടപെടൽ പശ്ചിമേഷ്യയിലെ യുദ്ധത്തെ കൂടുതൽ സങ്കീർണമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.