സോളാർ ഗൂഢാലോചന: ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗണേഷ് കുമാർ നീക്കം നടത്തിയെന്ന് മുൻ പേഴ്സണൽ സ്റ്റാഫിന്റെ മൊഴി
കൊട്ടാരക്കര: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സോളാർ ലൈംഗികാപവാദ കേസിൽ കുടുക്കാൻ കെ.ബി ഗണേഷ് കുമാർ എംഎൽഎ ഗൂഢാലോചന നടത്തിയതായി സാക്ഷിമൊഴി. ഗണേഷ് കുമാറിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗവും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ എസ്.ഇ സഞ്ജയ് ഖാനാണ് കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നിർണായക മൊഴി നൽകിയത്.
2015 മേയ് മാസത്തിൽ പത്തനാപുരത്തെ ഗണേഷ് കുമാറിന്റെ ഓഫീസിൽ വെച്ചാണ് ഗൂഢാലോചന നടന്നതെന്ന് മൊഴിയിൽ പറയുന്നു. കോൺഗ്രസ് നേതാവ് സി.ആർ നജീബിനൊപ്പമാണ് താൻ ഓഫീസിൽ എത്തിയത്. ഈ സമയം സോളാർ കേസ് പ്രതി അവിടെ ഉണ്ടായിരുന്നു. “ഉമ്മൻചാണ്ടിയെക്കൂടി കേസിൽ ഉൾപ്പെടുത്തണം, അല്ലെങ്കിൽ നമ്മുടെ പദ്ധതി ശരിയാകില്ല. ബാക്കിയെല്ലാം തന്റെ കൈയിലാണ്” എന്ന് ഗണേഷ് കുമാർ അവരോട് പറയുന്നത് നേരിട്ട് കേട്ടതായി സഞ്ജയ് ഖാൻ കോടതിയെ ബോധിപ്പിച്ചു.
കുടുംബപ്രശ്നങ്ങളെ തുടർന്ന് 2013-ൽ മന്ത്രിസഭയിൽ നിന്ന് രാജിവെക്കേണ്ടി വന്ന ഗണേഷ് കുമാർ, തന്നെ തിരിച്ചെടുക്കാൻ ഉമ്മൻചാണ്ടിക്ക് മേൽ സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. തന്നെ മന്ത്രിയാക്കിയില്ലെങ്കിൽ ഉമ്മൻചാണ്ടിയെ പീഡനക്കേസിൽ ഉൾപ്പെടുത്തി നാറ്റിക്കുമെന്നും, അടുത്ത തവണ എൽഡിഎഫ് മുന്നണിയിൽ ചേർന്ന് പകരം ചോദിക്കുമെന്നും ഗണേഷ് ഭീഷണിപ്പെടുത്തിയതായി സാക്ഷി വെളിപ്പെടുത്തി. ഇക്കാര്യം അന്ന് തന്നെ ഉമ്മൻചാണ്ടിയുടെ പേഴ്സണൽ അസിസ്റ്റന്റിനെ ഫോണിലൂടെ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
സോളാർ പ്രതിയുടെ കത്തിൽ ഉമ്മൻചാണ്ടി അടക്കമുള്ളവരെ കുടുക്കാൻ നാല് പേജുകൾ അധികമായി എഴുതിച്ചേർത്തെന്ന അഭിഭാഷകൻ സുധീർ ജേക്കബിന്റെ ഹരജിയിലാണ് ഇപ്പോൾ വിചാരണ നടക്കുന്നത്. തെരഞ്ഞെടുപ്പ് കാലമായതിനാൽ വിചാരണ മാറ്റിവെക്കണമെന്ന ഗണേഷ് കുമാറിന്റെ ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു.