04/03/2026
[fontresizer_tawhidurrahmandear_widget]

‘ഖാംനഇ വധത്തിൽ കേന്ദ്രത്തിന്റെ നിശബ്ദത നിഷ്പക്ഷതയല്ല’; വാജ്‌പേയിയുടെ ഇറാൻ നയം ഓർമ്മിപ്പിച്ച് സോണിയ

 ‘ഖാംനഇ വധത്തിൽ കേന്ദ്രത്തിന്റെ നിശബ്ദത നിഷ്പക്ഷതയല്ല’; വാജ്‌പേയിയുടെ ഇറാൻ നയം ഓർമ്മിപ്പിച്ച് സോണിയ

ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ കൊലപാതകത്തിൽ മോദി സർക്കാർ പുലർത്തുന്ന നിശബ്ദതയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. സർക്കാരിന്റെ മൗനം നിഷ്പക്ഷതയല്ലെന്നും മറിച്ച് ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒഴിഞ്ഞുമാറലാണെന്നും അവർ കുറ്റപ്പെടുത്തി. ‘ഇന്ത്യൻ എക്‌സ്പ്രസിൽ’ എഴുതിയ ലേഖനത്തിലൂടെയാണ് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനത്തിൽ ഇന്ത്യയുടെ വിദേശനയത്തിന് സംഭവിച്ച വീഴ്ചകളെ സോണിയ ഗാന്ധി ചൂണ്ടിക്കാട്ടിയത്.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ഇറാനുമായി പുലർത്തിയിരുന്ന ഊഷ്മളമായ ബന്ധത്തെ സോണിയ ഗാന്ധി ലേഖനത്തിൽ അനുസ്മരിച്ചു. 2001ൽ തെഹ്‌റാൻ സന്ദർശിച്ച വേളയിൽ ഇറാനുമായുള്ള ഇന്ത്യയുടെ നാഗരികവും സമകാലികവുമായ ബന്ധം വാജ്‌പേയി ഊട്ടിയുറപ്പിച്ചിരുന്നു. എന്നാൽ ആ ദീർഘകാല ബന്ധങ്ങളെ നിലവിലെ സർക്കാർ വിസ്മരിക്കുകയാണെന്ന് അവർ വിമർശിച്ചു.

ഒരു രാഷ്ട്രത്തലവൻ കൊല്ലപ്പെട്ടത് അന്താരാഷ്ട്ര ബന്ധങ്ങളിൽ വലിയ വിള്ളലുണ്ടാക്കിയെന്ന് അവർ പറഞ്ഞു. ഇതിനെ അപലപിക്കുന്നതിന് പകരം ന്യൂഡൽഹി പുലർത്തുന്ന നിശബ്ദത വിദേശനയത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ ആർട്ടിക്കിൾ 2(4) പ്രകാരം ഒരു രാജ്യത്തിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം നിരോധിച്ചിട്ടുള്ളതാണ്. വിദേശ നേതാവിനെ ലക്ഷ്യം വെച്ചുള്ള കൊലപാതകത്തെ തത്വാധിഷ്ഠിതമായി എതിർക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടാൽ അത് അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ തകർച്ചയെ സാധാരണവൽക്കരിക്കാൻ ഇടയാക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

ഇസ്രയേലിന് നൽകുന്ന ഏകപക്ഷീയമായ പിന്തുണ ഇന്ത്യയുടെ പരമ്പരാഗതമായ നയതന്ത്ര നിലപാടുകളിൽ നിന്നുള്ള വ്യതിയാനമാണെന്ന് അവർ നിരീക്ഷിച്ചു. പശ്ചിമേഷ്യയിൽ ജോലി ചെയ്യുന്ന 10 ദശലക്ഷത്തോളം ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ സ്വതന്ത്ര ശക്തിയായി നിലകൊള്ളേണ്ടത് അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ, വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ അന്താരാഷ്ട്ര ക്രമത്തിന്റെ തകർച്ചയെക്കുറിച്ചും ഇന്ത്യയുടെ തന്ത്രപരമായ താൽപ്പര്യങ്ങളെക്കുറിച്ചും സർക്കാർ വ്യക്തമായ ചർച്ചയ്ക്ക് തയ്യാറാകണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

Also read: