06/03/2026
[fontresizer_tawhidurrahmandear_widget]

മഹാത്മാ ഗാന്ധിയുടെ സ്മരണാർത്ഥം ഇറാൻ നിർമ്മിച്ച ഹൈടെക് ആശുപത്രി ഇസ്രായേൽ ബോംബിട്ട് തകർത്തു

 മഹാത്മാ ഗാന്ധിയുടെ സ്മരണാർത്ഥം ഇറാൻ നിർമ്മിച്ച ഹൈടെക് ആശുപത്രി ഇസ്രായേൽ ബോംബിട്ട് തകർത്തു

തെഹ്റാൻ: ഇന്ത്യൻ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി ഇറാന്റെ തലസ്ഥാനമായ തെഹ്റാനിൽ നിർമിച്ച പ്രശസ്തമായ ‘ഗാന്ധി ഹോസ്പിറ്റലും’ ബോംബിട്ട് തകർത്ത് ഇസ്രയേൽ. തെഹ്റാനിലെ ഗാന്ധി സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന അത്യാധുനിക മെഡിക്കൽ കോംപ്ലക്‌സിന് നേരെ ബുധനാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തിൽ ആശുപത്രി കെട്ടിടത്തിന് ഗുരുതരമായ ഘടനാപരമായ നാശനഷ്ടങ്ങൾ സംഭവിച്ചു. ഇതേത്തുടർന്ന് ആശുപത്രിയിൽനിന്ന് രോഗികളെയും ജീവനക്കാരെയും അടിയന്തരമായി ഒഴിപ്പിച്ചു. നവജാതശിശുക്കളുടെ വിഭാഗം, ഐവിഎഫ് സെന്റർ എന്നിവയെ ലക്ഷ്യംവെച്ചാണ് ആക്രമണം നടന്നതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2009-ൽ സ്ഥാപിതമായ ഈ ആശുപത്രി, ഇറാനിലെ ആരോഗ്യ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ്. അഹിംസയുടെയും മാനവികതയുടെയും പ്രവാചകനായ ഗാന്ധിജിയുടെ പേര് നൽകിക്കൊണ്ട് ഇന്ത്യയോടുള്ള ആദരസൂചകമായാണ് ഈ സ്ഥാപനം നിർമിക്കപ്പെട്ടത്. 22 നിലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ സമുച്ചയത്തിൽ 17 ഓപറേഷൻ തിയേറ്ററുകളും നൂറോളം കിടക്കകളും രോഗികളുടെ കുടുംബാംഗങ്ങൾക്കായി താമസസൗകര്യങ്ങളും ഉണ്ടായിരുന്നു.

ആശുപത്രികൾക്കും സ്‌കൂളുകൾക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. ജനവാസ മേഖലകളിലെ മെഡിക്കൽ സ്ഥാപനങ്ങൾ തകർക്കുന്നത് യുദ്ധക്കുറ്റമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഇറാനിലെ ഇസ്രയേൽ-അമേരിക്കൻ സൈനിക നടപടി അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യം വെക്കുന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിരിക്കുകയാണ്.

ആക്രമണത്തിന് ശേഷം ആശുപത്രിയുടെ പരിസരത്തുനിന്ന് പുക ഉയരുന്നതിന്റെയും കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതിന്റെയും ദൃശ്യങ്ങൾ ബിബിസിയും സിഎൻഎന്നും പുറത്തുവിട്ടിട്ടുണ്ട്.

Also read: