ഇറാൻ ഹോർമുസ് തുറക്കുംവരെ കാത്തിരിക്കാൻ വയ്യ; യുദ്ധം നിർത്താൻ ട്രംപ്-റിപ്പോർട്ട്
വാഷിങ്ടണ്‍: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ ചരക്ക് ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് ഇറാൻ്റെ നിയന്ത്രണത്തിൽ തുടർന്നാലും, നിലവിലെ സൈനിക നടപടികൾ അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോർട്ട്. വാൾസ്ട്രീറ്റ് ജേർണലാണ് ഭരണകൂട വൃത്തങ്ങളെ ഉദ്ധരിച്ച് ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്. യുദ്ധം നീണ്ടുപോകുന്നത് ഒഴിവാക്കാനാണ് ട്രംപിന്റെ ഈ പുതിയ നീക്കമെന്നാണ് സൂചന.
ഹോർമുസ് കടലിടുക്ക് തിരിച്ചുപിടിക്കാനുള്ള സങ്കീർണമായ സൈനിക നീക്കം കാരണം യുദ്ധം നാല് മുതൽ ആറ് ആഴ്ച വരെ നീളാൻ കാരണമാകുമെന്നാണ് ട്രംപും ഉപദേഷ്ടാക്കളും വിലയിരുത്തുന്നത്. താൻ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ യുദ്ധം അവസാനിപ്പിക്കാനാണ് പ്രസിഡന്റ് ആഗ്രഹിക്കുന്നത്. ഇറാൻ്റെ നാവിക-മിസൈൽ ശേഷികളെ തകർക്കുക എന്ന പ്രാഥമിക ലക്ഷ്യം പൂർത്തിയായാൽ യുദ്ധം നിർത്താനാണ് ട്രംപിന്റെ ആലോചന.
ഹോർമുസ് കടലിടുക്ക് തുറക്കുന്നത് ഉടൻ സാധ്യമായില്ലെങ്കിലും അത് പിന്നീട് നയതന്ത്ര ചർച്ചകളിലൂടെയോ സഖ്യകക്ഷികളുടെ സഹായത്തോടെയോ പരിഹരിക്കാമെന്നാണ് ട്രംപ് കരുതുന്നത്. കടലിടുക്ക് തുറക്കാൻ അമേരിക്കൻ സൈന്യം നേരിട്ട് ഇറങ്ങുന്നതിന് പകരം ഗൾഫ് രാജ്യങ്ങൾ, നാറ്റോ എന്നിവരുടെ നേതൃത്വത്തിൽ ഒരു സംയുക്ത നീക്കം നടത്താനുള്ള സാധ്യതയും ട്രംപ് പരിഗണിക്കുന്നുണ്ട്. ഇറാനുമായി കരാറിലെത്താൻ വൈറ്റ് ഹൗസ് ഏപ്രിൽ 6 വരെയാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. ഈ തീയതിക്ക് മുൻപായി യുദ്ധം ഒരു സെറ്റിൽമെന്റിൽ എത്തിക്കാനാണ് ട്രംപിന്റെ ശ്രമം.
ഹോർമുസ് കടലിടുക്ക് ഭാഗികമായി അടഞ്ഞുകിടക്കുന്നത് ആഗോള എണ്ണവിപണിയെയും വ്യോമയാന മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, ദീർഘകാല യുദ്ധത്തേക്കാൾ നല്ലത് എത്രയും പെട്ടെന്ന് യുദ്ധം നിർത്തലാണെന്ന നിലപാടിലാണ് അമേരിക്കൻ ഭരണകൂടം.
ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. ഇറാൻ്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതിനെത്തുടർന്ന് മേഖലയിൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടയിലാണ് ട്രംപിന്റെ ഈ പുതിയ നിലപാട് പുറത്തുവരുന്നത്.
അതേസമയം, ഗൾഫ് രാജ്യങ്ങൾ ഇറാനെ പൂർണമായും സൈനികമായി പരാജയപ്പെടുത്തണമെന്ന നിലപാടിലാണ്. ഹോർമുസ് കടലിടുക്ക് തുറക്കാതെ യുദ്ധം അവസാനിപ്പിക്കുന്നത് മേഖലയിലെ സുരക്ഷയെ ബാധിക്കുമെന്ന് ഇവർ ആശങ്കപ്പെടുന്നു.