യുഎസ് എംബസിക്ക് തീയിട്ടു; ഖാംനഇ വധത്തിൽ പാകിസ്താനിലും ഇറാഖിലും വൻ പ്രതിഷേധം
ഇസ്ലാമാബാദ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ മരണത്തിന് പിന്നാലെ പാകിസ്താനിലും ഇറാഖിലും വ്യാപക പ്രതിഷേധം. കറാച്ചിയിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയായ ഗ്രീൻ സോണിലും സംഘർഷം നിലനിൽക്കുകയാണ്.
ഖാംനഇയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പാകിസ്ഥാനിലെ കറാച്ചിയിലുള്ള യുഎസ് കോൺസുലേറ്റിന് നേരെ നൂറുകണക്കിന് ആളുകൾ ഇരച്ചുകയറി. കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ തകർക്കുകയും ഒരു ഭാഗത്തിന് തീയിടുകയും ചെയ്തതോടെ പ്രദേശം യുദ്ധക്കളമായി മാറി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പാകിസ്ഥാൻ പൊലീസും അർധസൈനിക വിഭാഗവും കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു.
പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു പ്രതിഷേധക്കാരൻ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഘർഷത്തെ തുടർന്ന് കറാച്ചിയിലെ പ്രധാന റോഡുകൾ അടച്ചു.
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലും സ്ഥിതിഗതികള്‍ സങ്കീര്‍ണമാണ്. അമേരിക്കന്‍ എംബസി സ്ഥിതി ചെയ്യുന്ന ഗ്രീന്‍ സോണിലേക്ക് പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തി. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. സായുധ ഷിയാ ഗ്രൂപ്പുകളുടെ പിന്തുണയുള്ള നൂറുകണക്കിന് ആളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഇറാഖ് സര്‍ക്കാര്‍ ഖാംനഇയുടെ മരണത്തില്‍ അനുശോചിച്ച് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.