04/03/2026
[fontresizer_tawhidurrahmandear_widget]

അമേരിക്കയ്ക്ക് മുന്നിൽ വൻ പ്രതിസന്ധി; ടോമഹോക്ക് മിസൈൽ ശേഖരം തീരുന്നു: റിപ്പോർട്ട്

 അമേരിക്കയ്ക്ക് മുന്നിൽ വൻ പ്രതിസന്ധി; ടോമഹോക്ക് മിസൈൽ ശേഖരം തീരുന്നു: റിപ്പോർട്ട്

വാഷിങ്ടൺ: ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾ ശക്തമാക്കുന്നതിനിടെ അമേരിക്കയ്ക്കു മുന്നിൽ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. യുഎസിന്റെ പക്കലുള്ള ടോമഹോക്ക് ക്രൂയിസ് മിസൈലുകളുടെ ശേഖരം അതിവേഗം കുറയുകയാണെന്ന് റിപ്പോർട്ട്. ‘ബിസിനസ് ഇൻസൈഡർ’ ആണ് വാർത്ത പുറത്തുവിട്ടത്. ശനിയാഴ്ച ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ അമേരിക്കൻ നാവികസേന നടത്തിയ ‘ഓപറേഷൻ എപ്പിക് ഫ്യൂറി’യിൽ വൻതോതിൽ ടോമഹോക്ക് മിസൈലുകൾ പ്രയോഗിച്ചിരുന്നു. ഭാവിയിൽ ചൈനയെപ്പോലെയുള്ള ശക്തരായ ശത്രുക്കളുമായി ഒരു യുദ്ധമുണ്ടായാൽ ആവശ്യമായ മിസൈലുകൾ അമേരിക്കയുടെ പക്കൽ ഉണ്ടാകുമോ എന്ന ആശങ്കയാണ് പ്രതിരോധ വിദഗ്ധർ ഇപ്പോൾ പങ്കുവയ്ക്കുന്നത്.

യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഇറാനിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ടോമഹോക്കുകൾ വിക്ഷേപിച്ചത്. നാവികസേനയുടെ 13 ഡിസ്‌ട്രോയറുകൾ ഈ ദൗത്യത്തിനായി പശ്ചിമേഷ്യയിൽ സജ്ജമാക്കിയിരുന്നു. ഇവയ്ക്ക് ഒരേസമയം 150 മുതൽ 250 വരെ ടോമഹോക്കുകൾ തൊടുത്തുവിടാനുള്ള ശേഷിയുണ്ടെന്ന് സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് വിലയിരുത്തുന്നു. ഇതിനുപുറമെ, ഒരു ‘ഒഹായോ ക്ലാസ്’ സബ്മറൈൻ കൂടി ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ 154 മിസൈലുകൾ കൂടി അധികമായി വിക്ഷേപിക്കാൻ അമേരിക്കയ്ക്ക് സാധിക്കും.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിവിധ പോരാട്ടങ്ങളിൽ അമേരിക്ക ടോമഹോക്കുകളെ അമിതമായി ആശ്രയിക്കുന്നുണ്ട്. യമനിലെ ഹൂത്തികൾക്കെതിരെ 135-ലധികം മിസൈലുകളും, നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങൾക്കെതിരെ ഒരു ഡസനിലധികം മിസൈലുകളും പ്രയോഗിച്ചു. കഴിഞ്ഞ വർഷം ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ‘ഓപറേഷൻ മിഡ്നൈറ്റ് ഹാമറിലും’ 30-ഓളം ടോമഹോക്കുകൾ ഉപയോഗിച്ചിരുന്നു.

നിലവിൽ പ്രതിവർഷം 1,000 മിസൈലുകൾ വീതം ഉത്പാദിപ്പിക്കാൻ ആർടിഎക്‌സ് കോർപറേഷനുമായി പെന്റഗൺ കരാറിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും, നിലവിലെ ഉപയോഗം ഉത്പാദനത്തേക്കാൾ വളരെ കൂടുതലാണ്. 2025 സാമ്പത്തിക വർഷത്തിൽ വെറും 72 മിസൈലുകൾ വാങ്ങാനാണ് നാവികസേന പദ്ധതിയിട്ടതെങ്കിൽ 2026-ൽ അത് 57 ആയി കുറഞ്ഞു. ഒരു ടോമഹോക്ക് മിസൈൽ നിർമിക്കാൻ ഏകദേശം രണ്ട് വർഷമെടുക്കും എന്നതും ശേഖരം വേഗത്തിൽ പുനഃസ്ഥാപിക്കുന്നതിൽ വലിയ പ്രതിസന്ധിയായി തുടരുന്നുണ്ട്.

ഇന്തോ-പസഫിക് മേഖലയിൽ ചൈനയുമായി ഒരു സംഘർഷമുണ്ടായാൽ ദീർഘദൂര പ്രഹരശേഷിയുള്ള ടോമഹോക്കുകൾ അമേരിക്കയ്ക്ക് അത്യന്താപേക്ഷിതമാണ്. 2003-ലെ ഇറാഖ് അധിനിവേശത്തിന്റെ തുടക്കത്തിൽ മാത്രം 800 ടോമഹോക്കുകളാണ് അമേരിക്ക വിക്ഷേപിച്ചത്. ഇന്നത്തെ ഉത്പാദന നിരക്ക് അനുസരിച്ച് അത്രയും മിസൈലുകൾ വീണ്ടും നിർമിക്കാൻ ഏകദേശം പത്ത് വർഷമെടുക്കും. ചൈനയെപ്പോലൊരു വൻശക്തിയുമായി യുദ്ധമുണ്ടായാൽ ഇതിലും വലിയ അളവിൽ ആയുധങ്ങൾ വേണ്ടിവരുമെന്ന് അമേരിക്കൻ എന്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഒന്നിന് ഏകദേശം 1.3 ദശലക്ഷം ഡോളർ, ഏകദേശം 11 കോടി രൂപ വിലവരുന്ന ടോമഹോക്കുകൾ ജിപിഎസ്, ക്യാമറ സംവിധാനങ്ങൾ ഉപയോഗിച്ച് അതീവ കൃത്യതയോടെ ലക്ഷ്യം കാണുന്നവയാണ്. എന്നാൽ, ആയുധശേഖരം ഇത്തരത്തിൽ ചോരുന്നത് അമേരിക്കയുടെ ആഗോള സൈനിക മേധാവിത്വത്തിന് വലിയ വെല്ലുവിളിയാകുമെന്നാണ് ‘ബിസിനസ് ഇൻസൈഡർ’ വിലയിരുത്തുന്നത്.

Also read: