വെള്ളാപ്പള്ളി പുറത്ത്; എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി ഉത്തരവ്
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതിയുടെ ഉത്തരവ്. കമ്പനി നിയമങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കോടതിയുടെ കടുത്ത നടപടി. വെള്ളാപ്പള്ളി നടേശന് പുറമെ പ്രസിഡന്റ് എം.എൻ സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവരടക്കം ഭരണസമിതിയിലെ മുഴുവൻ പേർക്കും ഇതോടെ സ്ഥാനം നഷ്ടമായി.
യോഗത്തിന് പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്സിനെ നിയമിക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. 2013 മുതൽ തുടർച്ചയായ മൂന്ന് വർഷം വാർഷിക കണക്കുകളും റിട്ടേണുകളും സമർപ്പിക്കുന്നതിൽ ഭരണസമിതി ഗുരുതരമായ വീഴ്ച വരുത്തിയതായി കോടതി കണ്ടെത്തി. ഇത് കമ്പനി നിയമങ്ങളുടെ ലംഘനമാണെന്ന് നിരീക്ഷിച്ച കോടതി, രജിസ്ട്രേഷൻ വകുപ്പിന്റെ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് വിധി പുറപ്പെടുവിച്ചത്. ഇതോടെ വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർക്ക് ഭാരവാഹി സ്ഥാനങ്ങളിൽ തുടരാൻ നിയമപരമായ അയോഗ്യത കൽപ്പിക്കപ്പെട്ടു.
പതിറ്റാണ്ടുകളായി യോഗത്തിന്റെ നിയന്ത്രണം കൈവശം വെച്ചിരുന്ന വെള്ളാപ്പള്ളി നടേശന് നിയമപരമായി ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയാണിത്. തന്നെയും മറ്റ് ഭാരവാഹികളെയും സ്ഥാനത്തുനിന്ന് നീക്കിയ കാര്യം വെള്ളാപ്പള്ളി നടേശൻ സ്ഥിരീകരിച്ചു. വിധിയെക്കുറിച്ച് വിശദമായി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
സമുദായത്തിനുള്ളിൽ ജനാധിപത്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് എം.കെ സാനു ഉൾപ്പെടെയുള്ളവർ നടത്തിയ നിയമപോരാട്ടങ്ങൾക്കാണ് വിധിയോടെ ഫലം കണ്ടിരിക്കുന്നത്. നിലവിലെ ഭരണസമിതി അയോഗ്യരായ സാഹചര്യത്തിൽ, എസ്എൻഡിപി യോഗത്തിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്സിനെ ഉടൻ നിശ്ചയിക്കേണ്ടി വരും.