ആശങ്കയായി അമീബിക് മസ്‌തിഷ്‌ക ജ്വരം; മൂന്നര മാസത്തിനിടെ മരിച്ചത് 15 പേർ
പാലക്കാട്: സംസ്ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം ആശങ്കയാകുന്നു. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ 12 വരെയുള്ള കണക്കുകൾ പ്രകാരം 15 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇക്കാലയളവിൽ ആകെ 83 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രിൽ മാസത്തിൽ മാത്രം 11 പേർക്ക് രോഗബാധയുണ്ടാവുകയും ഒരാൾ മരിക്കുകയും ചെയ്തു.
പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ യുവാവാണ് ഈ മാസം രോഗം ബാധിച്ച് മരിച്ചത്. ഇദ്ദേഹം നേരത്തെ കാൻസർ ചികിത്സയിലായിരുന്നു. രോഗബാധയുടെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല. ഇതിനിടെ, ഇന്നലെ തൃശൂരിൽ ചികിത്സയിലായിരുന്ന കുഴൽമന്ദം സ്വദേശിയായ 14 കാരനും രോഗലക്ഷണങ്ങളോടെ മരിച്ചു. പരിശോധനാ ഫലം ലഭിച്ചതിന് ശേഷമേ ഇത് അമീബിക് മസ്‌തിഷ്‌ക ജ്വരമാണോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കൂ.
അവധിക്കാലമായതിനാൽ കുട്ടികൾ കുളങ്ങളിലും മറ്റ് ജലാശയങ്ങളിലും ഇറങ്ങുന്നത് രോഗസാധ്യത വർധിപ്പിക്കുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിലെ അമീബകൾ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിച്ചാണ് മസ്തിഷ്ക ജ്വരമുണ്ടാകുന്നത്. അതിനാൽ കുട്ടികളെ ഇത്തരം ജലാശയങ്ങളിൽ കുളിക്കാൻ വിടരുതെന്ന് ആരോഗ്യവകുപ്പ് കർശന നിർദേശം നൽകി.
കഴിഞ്ഞ വർഷം സംസ്ഥാനത്ത് 201 പേർക്ക് രോഗം ബാധിക്കുകയും 47 പേർ മരിക്കുകയും ചെയ്തിരുന്നു. കൃത്യമായ ഉറവിടം കണ്ടെത്താത്ത സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.