17/04/2026
[fontresizer_tawhidurrahmandear_widget]

‘കുഞ്ഞുങ്ങളെ കൊല്ലുന്ന രാക്ഷസന്മാർ; നിങ്ങളെ ലോകം മുഴുവൻ വെറുക്കുന്നു’-വിയറ്റ്നാമിൽ ഇസ്രയേൽ മുൻ സൈനികരെ വളഞ്ഞ് ബ്രിട്ടീഷ് ടൂറിസ്റ്റുകൾ, വൻ പ്രതിഷേധം

 ‘കുഞ്ഞുങ്ങളെ കൊല്ലുന്ന രാക്ഷസന്മാർ; നിങ്ങളെ ലോകം മുഴുവൻ വെറുക്കുന്നു’-വിയറ്റ്നാമിൽ ഇസ്രയേൽ മുൻ സൈനികരെ വളഞ്ഞ് ബ്രിട്ടീഷ് ടൂറിസ്റ്റുകൾ, വൻ പ്രതിഷേധം

ഹാനോയ്: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ അവധി ആഘോഷിക്കാനെത്തുന്ന ഇസ്രയേൽ പൗരന്മാർക്ക് നേരെ പ്രതിഷേധം കടുക്കുന്നു. അന്താരാഷ്ട്രതലത്തിൽ ഇസ്രയേൽ പൗരന്മാർ നേരിടുന്ന കടുത്ത ജനരോഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. വിയറ്റ്നാമിലെ ഒരു റെസ്റ്റോറന്റിൽ ഐഡിഎഫിൽ റിസർവ് സൈനികരായിരുന്ന ഇസ്രയേലികളെ ഒരു സംഘം ബ്രിട്ടീഷ് വിനോദസഞ്ചാരികൾ തടയുകയും റെസ്റ്റോറന്റിൽ നിന്ന് ആട്ടിപ്പായിക്കുകയും ചെയ്തു. ഗസ്സയിലെ വംശഹത്യയെയും ഇസ്രയേൽ സൈന്യം മുൻകാലങ്ങളിൽ നടത്തിയ ക്രൂരതകളെയും കുറിച്ചുള്ള രൂക്ഷമായ ചോദ്യങ്ങളുമായാണ് വിനോദസഞ്ചാരികൾ ഇവരെ നേരിട്ടത്.

ബ്രിട്ടീഷ് ഫോട്ടോഗ്രാഫർ ടോം ഹൻഡാലിന്റെയും അമേരിക്കൻ ആക്ടിവിസ്റ്റ് റേച്ചൽ കോറിയുടെയും ഗസ്സയിലെ കുഞ്ഞുങ്ങളുടെയും കൊലപാതകങ്ങൾ ഓർമിപ്പിച്ചായിരുന്നു ബ്രിട്ടീഷ് സഞ്ചാരികളുടെ പ്രതിഷേധം. ‘നിങ്ങൾക്ക് ടോം ഹൻഡാലിനെ അറിയാമോ? 23 വയസ്സുള്ള ബ്രിട്ടീഷ് ജേണലിസ്റ്റ്. നിങ്ങൾ അവനെ തലയ്ക്ക് വെടിവെച്ചു കൊന്നു. റേച്ചൽ കോറിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇസ്രയേൽ സൈന്യം ബുൾഡോസർ കയറ്റി കൊന്നുകളഞ്ഞ അമേരിക്കൻ യുവതി!’-റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഇസ്രയേലികളെ ചോദ്യങ്ങളുമായി നേരിടുകയായിരുന്നു സഞ്ചാരികൾ. നിങ്ങൾക്ക് ഇസ്രയേൽ സൈന്യത്തിന്റെ ഭാഗമാകാൻ വിസമ്മതിക്കാമായിരുന്നുവെന്നും രാക്ഷസന്മാരെപ്പോലെ പെരുമാറുന്നത് നിർത്തണമെന്നും അവർ ആവശ്യപ്പെട്ടു.

നിങ്ങൾ ഫലസ്തീനിൽ നിന്നാണോ എന്നു ചോദിച്ചായിരുന്നു ബ്രിട്ടീഷ് സഞ്ചാരികൾ തുടങ്ങിയത്. രണ്ടുപേരും ഇസ്രയേലികളാണെന്നു വ്യക്തമായതോടെയാണ് ചോദ്യശരങ്ങളുമായി അവരെ പൊതിഞ്ഞത്. ഇസ്രയേൽ വ്യാജ രാഷ്ട്രമാണെന്നും ഇസ്രയേൽ എന്നൊരു രാജ്യമില്ലെന്നും അവർ വിളിച്ചുപറഞ്ഞു.

”നിങ്ങൾ ഐ.ഡി.എഫിന്റെ ഭാഗമായിരുന്നില്ലേ? നിങ്ങൾ നിഷ്‌കളങ്കരായ സ്ത്രീകളെയും കുട്ടികളെയും കൊന്നിട്ടുണ്ടോ? നിങ്ങൾ കുഞ്ഞുങ്ങളെ കൊല്ലുന്ന രാക്ഷസന്മാരാണ്, കൊലയാളികളാണ്. ടോം ഹൻഡാലിനെ നിങ്ങൾ തലയ്ക്ക് വെടിവെച്ചു കൊന്നു. റേച്ചൽ കോറിയെ ബുൾഡോസർ കയറ്റിക്കൊന്നു. നാണമില്ലേ നിങ്ങൾക്ക്!’-ബ്രിട്ടീഷ് സഞ്ചാരികൾ നിർത്തുന്ന മട്ടുണ്ടായിരുന്നില്ല.

എല്ലാം കേട്ടുനിന്ന ഇസ്രയേലികൾ ഒടുവിൽ പ്രതികരിക്കാൻ നിർബന്ധിതരായി; ‘ഞങ്ങൾ ആരെയും കൊന്നിട്ടില്ല… എല്ലാവരും സൈന്യത്തിന്റെ ഭാഗമാകേണ്ടി വരും…’ എന്നായിരുന്നു മറുപടി.

എന്നാൽ ബ്രിട്ടീഷ് ടൂറിസ്റ്റുകൾ വിട്ടില്ല: ‘അതുകൊണ്ട് നിങ്ങൾ കൊലയാളികളാണ്. നിങ്ങൾക്ക് സൈന്യത്തിൽ ചേരാതിരിക്കാമായിരുന്നു. ലോകം മുഴുവൻ നിങ്ങളെ വെറുക്കുന്നു. ആർക്കും നിങ്ങളെ ഇഷ്ടമല്ല. ഇവിടെനിന്ന് ഇറങ്ങിപ്പോകൂ… കൊലയാളികളെ പുറത്താക്കൂ!’

തുടർന്ന് റെസ്റ്റോറന്റിൽനിന്ന് ഇസ്രയേൽ പൗരന്മാരോട് ഉടൻ പുറത്തുപോകാൻ ആവശ്യപ്പെട്ടുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. ഗസ്സ ആക്രമണത്തിനു പിന്നാലെ ഇറാൻ-ലബനാൻ യുദ്ധം കൂടിയായതോടെ ആഗോളതലത്തിൽ ഇസ്രയേലിനെതിരെ ജനരോഷം ശക്തമാകുന്നതായുള്ള റിപ്പോർട്ടുകൾ ശരിവയ്ക്കുന്നതാണ് വിയറ്റ്‌നാമിലെ സംഭവം. സൈനികർക്ക് പുറമെ സാധാരണ ഇസ്രയേലികൾക്കും വിദേശത്ത് യാത്ര ചെയ്യാൻ സാധിക്കാത്ത തരത്തിൽ വലിയ പ്രതിഷേധമാണു നേരിടുന്നത്.

Also read: