‘ബീഫ് നിരോധിക്കില്ല: വീട്ടിനകത്ത് മാത്രം കഴിക്കാം’; മലക്കം മറിഞ്ഞ് ഹിമന്ത ബിശ്വ ശര്‍മ
ദിസ്പൂർ: അസം നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ബീഫ് ഉപഭോഗവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സംസ്ഥാനത്ത് ബീഫ് നിരോധിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ അത് വീടുകൾക്കുള്ളിൽ മാത്രമായി പരിമിതപ്പെടുത്തണമെന്നുമാണ് തന്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.
“അസമിൽ വലിയൊരു മുസ്‌ലിം സമൂഹമുണ്ട്. ബീഫ് കഴിക്കുന്നത് ഞാൻ നിർത്തുന്നില്ല. പക്ഷേ നിങ്ങളുടെ വീടിനുള്ളിൽ മാത്രം അത് കഴിക്കുക, പൊതുസ്ഥലങ്ങളിൽ പാടില്ല എന്നാണ് എനിക്ക് പറയാനുള്ളത്,” ശർമ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ക്ഷേത്രങ്ങളുടെയോ സത്രങ്ങളുടെയോ (വൈഷ്ണവ ആശ്രമങ്ങൾ) അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ബീഫ് വിൽക്കുന്നതും കഴിക്കുന്നതും നിയമപ്രകാരം നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. 2021-ലെ അസം കന്നുകാലി സംരക്ഷണ നിയമം സ്വകാര്യമായ ഉപയോഗത്തെ തടയുന്നില്ലെങ്കിലും പൊതുവിടങ്ങളിൽ ഇതിന് കർശന നിയന്ത്രണമേർപ്പെടുത്തുന്നുണ്ട്.
പലരും ബീഫിന് പകരം എരുമയിറച്ചി കഴിക്കുന്നതിലേക്ക് മാറിയിട്ടുണ്ടെന്നും, മുസ്‌ലിങ്ങളേക്കാൾ കൂടുതൽ ഹിന്ദുക്കളോടാണ് തന്റെ അഭ്യർത്ഥനയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, അസം ജനതിയ പരിഷത്ത് (എജെപി) സ്ഥാനാർത്ഥി കുങ്കി ചൗധരിയുടെ മാതാപിതാക്കൾ ബീഫ് കഴിച്ചുവെന്നാരോപിച്ച് നടപടിയെടുക്കുമെന്ന് ശർമ്മ ഭീഷണിപ്പെടുത്തിയത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ ഡീപ്ഫേക്ക് ആണെന്ന് കുങ്കി ചൗധരി പരാതിപ്പെട്ടെങ്കിലും, തെരഞ്ഞെടുപ്പിന് ശേഷം കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു.
ഹിമന്തയുടെ പ്രസ്താവനക്കെതിരെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. 126 അംഗ അസം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കാനിരിക്കെ, ബീഫ് വിഷയം രാഷ്ട്രീയ സംഘർഷങ്ങൾക്കും വലിയ വാഗ്വാദങ്ങൾക്കുമാണ് സംസ്ഥാനത്ത് തിരികൊളുത്തിയിരിക്കുന്നത്. മെയ് 4-നാണ് വോട്ടെണ്ണൽ.