15/04/2026
[fontresizer_tawhidurrahmandear_widget]

അമേരിക്കയെ വിട്ടുപിടിച്ച് നാറ്റോ; പുതിയ ‘ബാക്കപ്പ് പ്ലാൻ’ ഒരുങ്ങുന്നു

 അമേരിക്കയെ വിട്ടുപിടിച്ച് നാറ്റോ; പുതിയ ‘ബാക്കപ്പ് പ്ലാൻ’ ഒരുങ്ങുന്നു

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രവചനാതീതമായ നയങ്ങളും നാറ്റോ സഖ്യത്തിൽ നിന്നുള്ള പിന്മാറ്റ ഭീഷണിയും യൂറോപ്യൻ രാജ്യങ്ങളെ ആശങ്കയിലാഴ്ത്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, അമേരിക്കയുടെ സൈനിക സഹായം ഇല്ലാതെ തന്നെ യൂറോപ്പിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള ഒരു ബദൽ പ്രതിരോധ പദ്ധതിക്ക് യൂറോപ്യൻ രാജ്യങ്ങൾ വേഗത കൂട്ടിയിരിക്കുകയാണ്. ഇറാനുമായുള്ള യുദ്ധം രൂക്ഷമാകുകയും മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള തലത്തിൽ പടരുകയും ചെയ്യുന്ന സാഹചര്യത്തിൽ, അമേരിക്കൻ പിന്തുണ ഏത് നിമിഷവും നിലച്ചേക്കാം എന്ന ഭയമാണ് യൂറോപ്പിനെ ഇത്തരമൊരു അടിയന്തര നീക്കത്തിന് പ്രേരിപ്പിക്കുന്നത്.

വാൾസ്ട്രീറ്റ് ജേണൽ ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, നാറ്റോ സഖ്യത്തിനുള്ളിൽ തന്നെ യൂറോപ്യൻ രാജ്യങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനും സ്വയം പ്രതിരോധിക്കാനുള്ള ശേഷി കൈവരിക്കാനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രൂപീകൃതമായ നാറ്റോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോൾ ഉടലെടുത്തിരിക്കുന്നത്. അമേരിക്കൻ ഭരണകൂടം തങ്ങളുടെ സഖ്യകക്ഷികളോട് കാണിക്കുന്ന കർക്കശമായ നിലപാടും, ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങൾ സ്വീകരിക്കുന്ന വിട്ടുനിൽക്കൽ നയവുമാണ് ട്രംപിനെ ചൊടിപ്പിച്ചിരിക്കുന്നത്.

നാറ്റോ നമുക്കൊപ്പം ഉണ്ടായിരുന്നില്ല ഭാവിയിലും ഉണ്ടാവില്ല, യൂറോപ്പിനെ സംരക്ഷിക്കാൻ ട്രില്യൻ കണക്കിന് ഡോളറാണ് അമേരിക്ക ചെലവാക്കുന്നത്. എന്നാൽ നമ്മുടെ ആവശ്യഘട്ടങ്ങളിൽ അവർ കൂടെ നിന്നില്ല.ട്രംപ് പറഞ്ഞു. നാറ്റോയെ ഒരു ‘കടലാസ് പുലി’ എന്ന് വിശേഷിപ്പിച്ച ട്രംപ്, പ്രതിരോധ ചിലവുകൾ കൃത്യമായി വഹിക്കാത്ത രാജ്യങ്ങളെ സംരക്ഷിക്കാൻ അമേരിക്ക ബാധ്യസ്ഥരല്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, അമേരിക്കൻ സൈന്യം പിന്മാറിയാൽ ഉണ്ടാകാൻ ഇടയുള്ള സുരക്ഷാ ശൂന്യത പരിഹരിക്കാനാണ് യൂറോപ്പ് ലക്ഷ്യമിടുന്നത്.

പുതിയ പദ്ധതി പ്രകാരം, യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ പ്രതിരോധ ബജറ്റുകൾ വൻതോതിൽ വർദ്ധിപ്പിക്കും. സ്വന്തമായി അത്യാധുനിക ആയുധങ്ങൾ വികസിപ്പിക്കാനും, സൈനിക ഇന്റലിജൻസ് സംവിധാനങ്ങൾ ശക്തിപ്പെടുത്താനും സംയുക്ത സൈനിക നീക്കങ്ങൾ ഏകോപിപ്പിക്കാനും ഈ പ്ലാനിൽ വ്യവസ്ഥയുണ്ട്. റഷ്യയിൽ നിന്നും ഇറാനിൽ നിന്നുമുള്ള ഭീഷണികൾ നേരിടാൻ അമേരിക്കയുടെ ആണവ സുരക്ഷാ കവചത്തിന് പകരം മറ്റൊന്ന് കണ്ടെത്തുക എന്നത് യൂറോപ്പിന് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്. എന്നിരുന്നാലും, ഫ്രാൻസും ജർമ്മനിയും ഉൾപ്പെടെയുള്ള പ്രമുഖ ശക്തികൾ ഈ പുതിയ നീക്കത്തിന് നേതൃത്വം നൽകുന്നുണ്ട്.

നാറ്റോയിൽ നിന്ന് ഔദ്യോഗികമായി പിന്മാറണമെങ്കിൽ യു.എസ് സെനറ്റിൻ്റെ മൂന്നിൽ രണ്ട് ഭൂരിപക്ഷമോ കോൺഗ്രസിന്റെ പ്രത്യേക നിയമമോ ആവശ്യമാണ്. ഇരുപാർട്ടികളിലെയും ഭൂരിഭാഗം ജനപ്രതിനിധികളും നാറ്റോയെ പിന്തുണക്കുന്നവരാണ്. അതേസമയം നേരിട്ട് പിന്മാറിയില്ലെങ്കിലും സഖ്യകക്ഷികൾ ആക്രമിക്കപ്പെട്ടാൽ സഹായിക്കണമെന്ന നിബന്ധനയിൽ നിന്ന് അമേരിക്കക്ക് വിട്ടുനിൽക്കാം. കൂടാതെ യൂറോപ്പിൽ വിന്യസിച്ചിരിക്കുന്ന 84,000-ത്തോളം അമേരിക്കൻ സൈനികരെ പിൻവലിക്കാനും പ്രസിഡന്റിന് അധികാരമുണ്ട്.

ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾക്കെതിരെ ട്രംപ് നടത്തുന്ന ഭീഷണികളും, വിദേശനയങ്ങളിലെ ഭിന്നതയും സഖ്യത്തിനുള്ളിൽ വലിയ വിള്ളലുകൾ വീഴ്ത്തിയിരിക്കുകയാണ്. തങ്ങളെ സഹായിക്കാൻ തയ്യാറാകാത്ത രാജ്യങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് വെറും ഭീഷണിയല്ലെന്ന് തിരിച്ചറിഞ്ഞാണ് യൂറോപ്യൻ നേതാക്കൾ ചുവടുമാറ്റുന്നത്. അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ അമേരിക്കയ്ക്കുള്ള മേധാവിത്വം ചോദ്യം ചെയ്യപ്പെടുന്നതോടൊപ്പം, യൂറോപ്പ് ഒരു സ്വതന്ത്ര സൈനിക ശക്തിയായി മാറുന്ന കാഴ്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. അമേരിക്കയുടെ പടിയിറക്കം കാത്തുനിൽക്കാതെ, സ്വന്തം അതിർത്തികൾ സംരക്ഷിക്കാൻ യൂറോപ്പ് സജ്ജമാകുന്നത് ആഗോള പ്രതിരോധ സമവാക്യങ്ങളെ തന്നെ മാറ്റിയെഴുതിയേക്കാം.

Also read: