‘മോദി എന്റെ നല്ല സുഹൃത്ത്, ഇന്ത്യയുമായി ഉടൻ വ്യാപാരക്കരാർ’; പ്രശംസയ്‌ക്കിടയിലും നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാതെ ട്രംപ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാർ ഉടൻ തന്നെ യാഥാർത്ഥ്യമാകുമെന്ന് വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് വ്യക്തമാക്കി. വർഷങ്ങളായി ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന വ്യാപാര അസന്തുലിതാവസ്ഥയിൽ നിന്ന് ഇന്ത്യ നേട്ടമുണ്ടാക്കുകയായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ആ സാഹചര്യം മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“എനിക്ക് നിങ്ങളുടെ പ്രധാനമന്ത്രിയെ വലിയ ഇഷ്ടമാണ്. അദ്ദേഹം എന്റെ നല്ലൊരു സുഹൃത്താണ്. ഞങ്ങൾ തമ്മിൽ മികച്ച സൗഹൃദമാണുള്ളത്. വർഷങ്ങളായി ഇന്ത്യ അമേരിക്കയെ ചൂഷണം ചെയ്യുകയായിരുന്നു. അവർ നമുക്ക് വലിയ തോതിൽ നികുതി ചുമത്തുകയും തിരിച്ച് ഒന്നും നൽകാതിരിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ നേരെ തിരിച്ചാണ് സംഭവിക്കുന്നത്. ഇന്ത്യയുമായുള്ള വ്യാപാരത്തിലൂടെ നമ്മൾ വലിയ ലാഭമുണ്ടാക്കുന്നുണ്ട്. എങ്കിലും ഉടൻ തന്നെ നമ്മൾ ഒരു കരാറിലെത്തും.” ട്രംപ് പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തമാക്കുന്നതിനും നിലനിൽക്കുന്ന വ്യാപാര തർക്കങ്ങൾ പരിഹരിക്കുന്നതിനുമുള്ള തീവ്രശ്രമങ്ങൾക്കിടയിലാണ് ട്രംപിന്റെ ഈ നിർണായക പ്രസ്താവന വന്നിരിക്കുന്നത്. വ്യാപാരക്കരാറിന്റെ ഭാഗമായി ജൂൺ 1 മുതൽ 4 വരെ നാല് ദിവസം നീണ്ടുനിന്ന ഇന്ത്യ-യു.എസ് ഉദ്യോഗസ്ഥതല ചർച്ചകൾ ന്യൂഡൽഹിയിൽ സമാപിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസെന്റേറ്റീവ് ചീഫ് നെഗോഷ്യേറ്ററുടെ നേതൃത്വത്തിലുള്ള യു.എസ് സംഘമാണ് ഇന്ത്യൻ പ്രതിനിധികളുമായി ചർച്ച നടത്തിയത്.
വ്യാപാര ചർച്ചകൾ സജീവമായി പുരോഗമിക്കുമ്പോഴും, ഇന്ത്യ ഉൾപ്പെടെയുള്ള 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 12.5% അധിക നികുതി ചുമത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം വലിയ ആശങ്ക ഉയർത്തുന്നുണ്ട്. അമേരിക്കൻ ട്രേഡ് ആക്ട് പ്രകാരം നിർബന്ധിത തൊഴിൽ (Forced Labor) ഉപയോഗിച്ച് നിർമിക്കുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തടയുന്നതുമായി ബന്ധപ്പെട്ടാണ് യു.എസ് നിലവിൽ ഈ പരിശോധന നടത്തുന്നത്. ഇത്തരം ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്താത്ത രാജ്യങ്ങൾക്ക് 12.5% വരെ അധിക നികുതി നേരിടേണ്ടി വരും. ഇന്ത്യ, ചൈന, ജപ്പാൻ, യു.കെ, ബംഗ്ലാദേശ്, വിയറ്റ്നാം എന്നീ രാജ്യങ്ങൾ നിലവിൽ ഈ നിരീക്ഷണപ്പട്ടികയിലുണ്ട്.
ഇത്തരം ഇറക്കുമതികൾ അമേരിക്കൻ തൊഴിലാളികൾക്ക് കനത്ത തിരിച്ചടിയാണെന്ന് യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവ് ജാമിസൺ ഗ്രീർ വ്യക്തമാക്കി. എന്നാൽ, ഈ നികുതി ഭീഷണികൾ നിലനിൽക്കുമ്പോഴും ഇന്ത്യയും യു.എസും തമ്മിലുള്ള ഇടക്കാല വ്യാപാര കരാർ വൈകാതെ തന്നെ ഒപ്പുവെക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇരുപക്ഷവും.