03/06/2026
[fontresizer_tawhidurrahmandear_widget]

‘ഭ്രാന്തന്മാർക്ക് ജീവിതരീതി മാറ്റാനാകില്ല’: വെടിവയ്പ്പിൽ മുടങ്ങിയ വൈറ്റ് ഹൗസ് വിരുന്ന് വീണ്ടും; പങ്കെടുക്കുമെന്ന് ട്രംപ്

 ‘ഭ്രാന്തന്മാർക്ക് ജീവിതരീതി മാറ്റാനാകില്ല’: വെടിവയ്പ്പിൽ മുടങ്ങിയ വൈറ്റ് ഹൗസ് വിരുന്ന് വീണ്ടും; പങ്കെടുക്കുമെന്ന് ട്രംപ്

വാഷിങ്ടൺ: വെടിവയ്പ്പിനെത്തുടർന്ന് പാതിവഴിയിൽ നിർത്തിവയ്‌ക്കേണ്ടി വന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷന്റെ വാർഷിക വിരുന്ന് ജൂലൈ 24-ലേക്ക് മാറ്റിവച്ചതായും, അതിൽ താൻ സംസാരിക്കുമെന്നും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. മാധ്യമങ്ങളെ എപ്പോഴും കടുത്ത ഭാഷയിൽ വിമർശിക്കാറുള്ള ട്രംപ്, ചടങ്ങ് വീണ്ടും നടത്താനുള്ള അസോസിയേഷന്റെ തീരുമാനത്തെ ശക്‌തിയുടെയും ദൃഢതയുടെയും അടയാളം എന്നാണ് വിശേഷിപ്പിച്ചത്. ചടങ്ങിൽ പങ്കെടുക്കാനും സംസാരിക്കാനും അസോസിയേഷൻ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും താൻ അത് സ്വീകരിച്ചുവെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. ഭ്രാന്തന്മാരായ ആളുകൾക്ക് നമ്മുടെ ജീവിതരീതിയോ അതിൻ്റെ സമയക്രമങ്ങളോ മാറ്റാൻ അനുവദിക്കില്ല എന്നതിന് തെളിവാണ് ഈ പ്രഖ്യാപനമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഏപ്രിൽ 25ന് വാഷിങ്‌ടനിലെ ഹിൽട്ടൺ ഹോട്ടലിൽ നടന്ന വിരുന്നിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഹാളിനു പുറത്തുള്ള സുരക്ഷാ ചെക്ക്പോസ്‌റ്റിൽ വെടിയൊച്ച ഉയർന്നതിനെത്തുടർന്ന് ട്രംപിനെ അവിടെനിന്നും അടിയന്തരമായി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. ട്രംപിനെ വധിക്കാൻ ശ്രമിച്ചതുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തപ്പെട്ട കാലിഫോർണിയ സ്വദേശിയായ കോൾ അലൻ (31) നിലവിൽ കോടതിയിൽ കുറ്റം നിഷേധിച്ചിട്ടുണ്ട്.

അമേരിക്കയുടെ 250-ാം വാർഷികവും നമ്മൾ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളും ആഘോഷിക്കുന്ന ഈ വർഷത്തിൽ, ഒരു അക്രമ സംഭവത്തിന് അവസാന വാക്കാകാൻ നമ്മൾ അനുവദിക്കില്ലെന്ന് വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് വെയ്‌ജിയ ജിയാങ് അംഗങ്ങൾക്ക് അയച്ച ഇമെയിലിൽ വ്യക്തമാക്കി. കനത്ത സുരക്ഷയോടെ, കൂടുതൽ ചെറിയൊരു വേദിയിലായിരിക്കും പുതിയ ചടങ്ങ് സംഘടിപ്പിക്കുകയെന്നും അവർ അറിയിച്ചു. വാഷിങ്ടനിലെ വാൽഡോർഫ് അസ്‌റ്റോറിയ ഹോട്ടലിലായിരിക്കും ചടങ്ങ് നടക്കുകയെന്ന് ട്രംപ് വെളിപ്പെടുത്തി. ഇത് 2016 മുതൽ 2021 വരെ ട്രംപിൻ്റെ ഉടമസ്‌ഥതയിലുള്ള ഹോട്ടലായിരുന്നു.

മാധ്യമങ്ങളെ എപ്പോഴും ‘ജനങ്ങളുടെ ശത്രുക്കൾ’ എന്ന് വിളിക്കാറുള്ള ട്രംപ്, തന്റെ രണ്ട് പ്രസിഡൻ്റ് കാലാവധികൾക്കിടയിൽ ആദ്യമായാണ് ഇക്കഴിഞ്ഞ ഏപ്രിലിൽ ഈ ചടങ്ങിൽ പങ്കെടുത്തത്. അക്രമസംഭവം ഉണ്ടായെങ്കിലും ഈ വിരുന്ന് വീണ്ടും നടത്തണമെന്ന് ട്രംപ് ശക്‌തമായി ആവശ്യപ്പെട്ടിരുന്നു. അന്ന് നടത്താൻ ഉദ്ദേശിച്ചിരുന്ന, മാധ്യമങ്ങളെ കടുത്ത ഭാഷയിൽ വിമർശിക്കുന്ന പ്രസംഗം തന്നെയായിരിക്കുമോ ഇനി ജൂലൈയിൽ നടത്തുകയെന്ന കാര്യത്തിൽ ട്രംപ് വ്യക്തത വരുത്തിയിട്ടില്ല.

Also read: