സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു; പവന് 1,12,080 രൂപ
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 360 രൂപ ഉയർന്ന് 1,12,080 രൂപയിലെത്തി. ഗ്രാമിന് 45 രൂപ വർധിച്ച് 14,010 രൂപയാണ് ഇന്നത്തെ വിപണി വില. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് ആഗോള വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
നിലവിൽ ആഗോള വിപണിയിൽ സ്വർണം ട്രോയ് ഔൺസിന് 4748 ഡോളർ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. വെള്ളി വില 75.99 ഡോളറിലെത്തി. യുദ്ധ പശ്ചാത്തലത്തിൽ അസംസ്‌കൃത എണ്ണവില വർധിച്ചതും ഡോളർ കരുത്താർജിച്ചതും സ്വർണവിലയിൽ നേരത്തെ ഇടിവുണ്ടാക്കിയിരുന്നു. എന്നാൽ വെടിനിർത്തൽ പ്രഖ്യാപനത്തോടെ വില വീണ്ടും ഉയരുകയായിരുന്നു.
കഴിഞ്ഞ ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് കേരളത്തിലെ എക്കാലത്തെയും ഉയർന്ന സ്വർണവില. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഒരു ഘട്ടത്തിൽ വില ലക്ഷം രൂപയ്ക്കും താഴെ എത്തിയിരുന്നുവെങ്കിലും ഇപ്പോൾ വീണ്ടും വർധനവിന്റെ പാതയിലാണ്.