‘അസുഖം വന്നാലും ലീവില്ല,’ലഞ്ച് ബ്രേക്ക്’ 15 മിനിറ്റ്’; 24ാം വയസിൽ 17 ലക്ഷത്തിന്റെ ജോലി രാജിവെച്ച് ഐഐടി ബിരുദധാരി
ന്യൂഡൽഹി: ജെൻസികളുടെ ജോലി സ്ഥലത്തെ പെരുമാറ്റവും പ്രതികരണങ്ങളും പലപ്പോഴും വിമർശിക്കപ്പെടാനും അഭിനന്ദിക്കപ്പെടാനും കാരണമായിട്ടുണ്ട്. എന്നാൽ മറ്റെല്ലാ കാര്യങ്ങളും പോലെ മാനസികാരോഗ്യത്തിന് മുൻഗണന നൽകിയിട്ടുള്ള ഇവരുടെ ജീവിത രീതി പ്രത്യേകം എടുത്തു പറയേണ്ടതാണ് . ഒരു ടോക്‌സിക്ക് കമ്പനിയിൽ നിന്ന് വാർഷിക വരുമാനം 17 ലക്ഷം രൂപയുള്ള ജോലി രാജിവെച്ച യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
സ്വകാര്യ ബാങ്കിങ് മേഖലയിൽ ജോലി ചെയ്തിരുന്ന ചിരാഗ് എന്ന 24 വയസുകാരനായ യുവാവാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ജോലി സ്ഥലത്തെ ദുരവസ്ഥ പങ്കുവെച്ച് ജോലി രാജിവെച്ച വിവരം പങ്കുവെച്ചത്. കമ്പനിയിൽ ജീവനക്കാരോട് സ്വീകരിച്ചിരുന്നത് വിചിത്ര നടപടികളാണെന്ന വിമർശനങ്ങളടക്കം നെറ്റിസൺസ് ഉയർത്തുന്നുണ്ട്. അസുഖം വന്നാൽ ലീവ് അനുവദിക്കാത്ത സാഹചര്യവും യുവാവ് വീഡിയോയിൽ വെളിപ്പെടുത്തി. ഇതിനു പുറമെ 15 മിനിറ്റ് മാത്രമാണ് ഉച്ചഭക്ഷണം കഴിക്കാൻ ജീവനക്കാർക്ക് നൽകിയിരുന്നത് എന്ന കാര്യവും ചിരാഗ് ചൂണ്ടിക്കാട്ടി. മികച്ച ശമ്പളം ലഭിച്ചിട്ടും സന്തോഷത്തോടെ ജീവിക്കാൻ കഴിയുന്നില്ല. മാനസികമായും ശാരീരികമായും തളർത്തുന്ന ഇത്തരം ഓഫീസ് അന്തരീക്ഷത്തിൽ തുടരാൻ കഴിയില്ലെന്ന് യുവാവ് വീഡിയോയിൽ വ്യക്തമാക്കി.
ജോലിയും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ ഒട്ടും തന്നെ ഈ സ്ഥാപനത്തിൽ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു. ഈ വാർത്ത പുറത്തുവന്നതോടെ കോർപ്പറേറ്റ് ലോകത്തെ ചൂഷണങ്ങളെക്കുറിച്ച് വ്യാപകമായ വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു. മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവർ പോലും ഇത്തരം മോശം സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നത് ദൗർഭാഗ്യകരമാണെന്നാണ് പലരുടെയും അഭിപ്രായം. പണത്തേക്കാൾ പ്രാധാന്യം സ്വന്തം ആരോഗ്യത്തിനും സമാധാനത്തിനുമാണെന്ന് തെളിയിച്ച ഈ യുവാവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. ഇന്നത്തെ കാലത്ത് ജോലി സ്ഥലങ്ങളിൽ ജീവനക്കാർ അനുഭവിക്കുന്ന സമ്മർദ്ദത്തിന്റെ നേർച്ചിത്രമാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ഇതിനു പുറമെ ഏത് ബാങ്കിലായിരുന്നു ജോലി ചെയ്തിരുന്നത് എന്നിങ്ങനെയുള്ള കമന്റുകളും സ്വകാര്യ ബാങ്കുകളിലെ ടാർഗറ്റ് സംസ്‌കാരങ്ങൾക്ക് എതിരെ വിമർശനങ്ങളും ഉയർന്ന് വരുന്നുണ്ട്.