10/08/2026
[fontresizer_tawhidurrahmandear_widget]

‘ഗെറ്റ് റെഡി വിത്ത് മി ചെയ്യൂ’; കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവാക്കളോട് അഭ്യർത്ഥിച്ച് മോദി

 ‘ഗെറ്റ് റെഡി വിത്ത് മി ചെയ്യൂ’; കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവാക്കളോട് അഭ്യർത്ഥിച്ച് മോദി

നരേന്ദ്ര മോദി

ന്യൂഡൽഹി: രാജ്യത്ത് നടന്ന ജെൻ സി പ്രതിഷേധങ്ങൾക്ക് പിന്നാലെ, യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ പുതിയ ഡിജിറ്റൽ തന്ത്രവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സെൽഫി സ്റ്റൈൽ വീഡിയോകളും ഇൻസ്റ്റാഗ്രാം റീൽസുകളുമായി സോഷ്യൽ മീഡിയയിൽ സജീവമാകുന്ന മോദി, ദേശീയ കൈത്തറി ദിനം ഫ്രണ്ട്ഷിപ്പ് ഡേയുടെ അതേ ആവേശത്തോടെ ആഘോഷിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്തു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പ്രത്യേക വീഡിയോ സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി ഈ അഭ്യർത്ഥന നടത്തിയത്. കൈത്തറി വസ്ത്രങ്ങൾ ധരിച്ച് ഇൻസ്റ്റഗ്രാമിൽ ട്രെൻഡിംഗായ ‘ഗെറ്റ് റെഡി വിത്ത് മി’ (GRWM) വീഡിയോകൾ ചെയ്യാനും യുവതലമുറയോട് അദ്ദേഹം ആവശ്യപ്പെട്ടു.

ബ്രിട്ടീഷ് ഭരണത്തിനെതിരായ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി 1905 ഓഗസ്റ്റ് 7-നാണ് സ്വദേശി പ്രസ്ഥാനം ആരംഭിച്ചതെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. രാജ്യത്തുടനീളമുള്ള ജനങ്ങളെ ഒന്നിപ്പിച്ച ഈ പോരാട്ടം സ്വയംപര്യാപ്തതയുടെ പ്രതീകമായി മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ കൈത്തറി ദിനം രാജ്യത്തെ നെയ്ത്തുകാരെ ആദരിക്കുന്നതിനുള്ള സുവർണ്ണ അവസരമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, വൈവിധ്യമാർന്ന കൈത്തറി വസ്ത്രങ്ങൾ നെയ്തെടുക്കുന്ന തൊഴിലാളികളുടെ പ്രയത്നത്തെ വാനോളം പ്രശംസിക്കുകയും ചെയ്തു.

നെയ്ത്തുകുടുംബങ്ങളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിനായി കൈത്തറി ഉൽപ്പന്നങ്ങൾ വാങ്ങാനും സോഷ്യൽ മീഡിയയിലൂടെ അവ പ്രചരിപ്പിക്കാനും മോദി ആഹ്വാനം ചെയ്തു. ഓരോ പൗരനും കുറഞ്ഞത് ഒരു കൈത്തറി ഉൽപ്പന്നമെങ്കിലും സ്വന്തമാക്കണമെന്നും, കൈത്തറി വസ്ത്രങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് വീഡിയോകൾ റീൽസുകളായി പങ്കുവെച്ച് മറ്റുള്ളവരെയും ഈ മേഖലയെ പിന്തുണയ്ക്കാൻ പ്രേരിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ആത്മനിർഭർ ഭാരത് (സ്വയംപര്യാപ്ത ഇന്ത്യ) കെട്ടിപ്പടുക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും അതിനായി ദരിദ്രരായ കുടുംബങ്ങൾ പോലും സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പൊതുജനങ്ങളുടെ ഇത്തരം പിന്തുണ ഇന്ത്യൻ നെയ്ത്തുകാരുടെ കഴിവും പാരമ്പര്യ കരവിരുതും ലോകത്തിന് മുന്നിൽ എത്തിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: