‘ഞാൻ മുസ്ലിമാണ്, അൽഹംദുലില്ലാഹ്! പക്ഷേ നിങ്ങൾ ചെയ്തത് തികഞ്ഞ വംശീയത’; തുറന്നടിച്ച് ലാമിൻ യമാൽ
ബാഴ്സലോണ: ഫുട്ബോൾ മൈതാനങ്ങളിൽ ആവർത്തിക്കുന്ന വംശീയ അധിക്ഷേപങ്ങൾക്കും മതവിദ്വേഷ പ്രകടനങ്ങൾക്കുമെതിരെ ശക്തമായ പ്രതികരണവുമായി സ്പാനിഷ് കൗമാര താരം ലാമിൻ യമാൽ. കഴിഞ്ഞ ദിവസം നടന്ന സ്പെയിൻ-ഈജിപ്ത് സൗഹൃദ മത്സരത്തിനിടെ കാണികളിൽ ഒരു വിഭാഗം മുഴക്കിയ ഇസ്ലാം വിരുദ്ധ മുദ്രാവാക്യങ്ങൾക്കെതിരെയാണ് താരം തന്റെ ഇൻസ്റ്റഗ്രാമിലൂടെ തുറന്നടിച്ചത്.
മത്സരത്തിനിടെ ഗാലറിയിൽ നിന്ന് ‘ഇവിടെ എഴുന്നേറ്റ് തുള്ളാത്തവർ മുസ്ലിംകൾ ആണ്’ എന്ന അർത്ഥം വരുന്ന വിദ്വേഷ മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നു. സ്പെയിനിന്റെ എതിരാളികളായ ഈജിപ്ഷ്യൻ ടീമിനെ പ്രകോപിപ്പിക്കാനാണ് കാണികൾ ഇത് ഉപയോഗിച്ചതെങ്കിലും, ഒരു വിശ്വാസിയെന്ന നിലയിൽ ഇത് തനിക്ക് അംഗീകരിക്കാനാവില്ലെന്ന് യമാൽ വ്യക്തമാക്കി.
‘ഞാനൊരു മുസ്ലിമാണ്, അൽഹംദുലില്ലാഹ്’ എന്ന് കുറിച്ചുകൊണ്ടാണ് താരം തന്റെ പോസ്റ്റ് ആരംഭിച്ചത്. ‘ഗാലറിയിൽ ഉയർന്ന മുദ്രാവാക്യങ്ങൾ എതിർ ടീമിനെ ഉദ്ദേശിച്ചുള്ളതാണെന്നും വ്യക്തിപരമായി എന്നെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും അറിയാം. പക്ഷേ, ഒരു മുസ്ലിം എന്ന നിലയിൽ ഇത് കടുത്ത അനാദരവും അസഹനീയവുമാണ്. ഇത്തരം കാര്യങ്ങൾ വിളിച്ചു പറയുന്നവരോട് ഒന്നേ പറയാനുള്ളൂ: ഒരു മതത്തെ പരിഹസിക്കുന്നതിലൂടെ നിങ്ങൾ തികഞ്ഞ വിവരദോഷികളും വംശീയവാദികളുമാകുകയാണു ചെയ്യുന്നത്. ഫുട്ബോൾ ആസ്വദിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ളതാണ്; അല്ലാതെ ഒരാളുടെ സ്വത്വത്തെയോ വിശ്വാസത്തെയോ അപമാനിക്കാനുള്ളതല്ല,’ യമാൽ കുറിച്ചു.
സമീപകാലത്തായി സ്പെയിനിൽ വംശീയ അധിക്ഷേപങ്ങൾ വർധിച്ചുവരുന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പ്രത്യേകിച്ച്, ബാഴ്സലോണയുടെയും സ്പെയിൻ ദേശീയ ടീമിന്റെയും കുതിപ്പിൽ നിർണായക പങ്കുവഹിക്കുന്ന യമാലിനെതിരെ സോഷ്യൽ മീഡിയയിലും സ്റ്റേഡിയങ്ങളിലും നിരന്തരമായി ആക്രമണങ്ങൾ ഉണ്ടാകാറുണ്ട്. മൊറോക്കൻ-ഇക്വറ്റോറിയൽ ഗിനിയ പാരമ്പര്യമുള്ള യമാൽ, സ്പാനിഷ് ഫുട്ബോളിലെ വംശീയ വിവേചനത്തിന്റെ ഏറ്റവും വലിയ ഇരകളിലൊരാളാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സ്പെയിൻ ദേശീയ ടീം പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂന്റെയും മറ്റ് അധികൃതരും ഈ സംഭവത്തെ അപലപിച്ചിട്ടുണ്ട്. വംശീയതയ്ക്കും വിദ്വേഷത്തിനും മൈതാനങ്ങളിൽ സ്ഥാനമില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഇത്തരം പ്രവണതകൾ അവസാനിപ്പിക്കാൻ കൂടുതൽ ശക്തമായ നടപടികൾ വേണമെന്നാണ് കായിക ലോകത്തിന്റെ ആവശ്യം.
ലോകകപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകൾക്കിടെ ഉണ്ടായ സംഭവം സ്പാനിഷ് ഫുട്ബോളിന് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. എങ്കിലും, പ്രതിസന്ധികളിൽ തളരാതെ തന്നെ പിന്തുണച്ച ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് യമാൽ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. ‘ലോകകപ്പിൽ കാണാം’ എന്ന ആത്മവിശ്വാസത്തോടെ താരം പോരാട്ട വീര്യം വീണ്ടും ഉറപ്പിച്ചു.