കരിഞ്ചന്തയും പൂഴ്ത്തിവെപ്പും: മാർച്ചിൽ പിടിച്ചെടുത്തത് അരലക്ഷത്തിലേറെ എൽപിജി സിലിണ്ടറുകൾ
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ നടപടി ശക്തമാക്കി. കഴിഞ്ഞ മാസം മാത്രം വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നിയമവിരുദ്ധമായി സൂക്ഷിച്ച അരലക്ഷത്തിലധികം എൽപിജി സിലിണ്ടറുകൾ അധികൃതർ പിടിച്ചെടുത്തു. വിപണിയിലെ ലഭ്യതക്കുറവ് മുതലെടുത്ത് അമിതലാഭമുണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന പരിശോധനയാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി എണ്ണക്കമ്പനികൾക്ക് 1400-ലധികം കാരണംകാണിക്കൽ നോട്ടീസുകൾ അയക്കുകയും ക്രമക്കേട് കണ്ടെത്തിയ 36 വിതരണ ഏജൻസികളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
അതേസമയം, രാജ്യത്തെ വിതരണ ഏജൻസികളൊന്നും ഇന്ധനം തീർന്നതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സർക്കാർ അറിയിച്ചു. പാചകവാതക വിതരണത്തിൽ സുതാര്യത ഉറപ്പാക്കാൻ ഓൺലൈൻ ബുക്കിങ് സംവിധാനം പ്രോത്സാഹിപ്പിച്ചതോടെ ബുക്കിങ് 95 ശതമാനമായി ഉയർന്നു. കഴിഞ്ഞ ദിവസം മാത്രം 51 ലക്ഷത്തിലധികം ഗാർഹിക സിലിണ്ടറുകൾ വിതരണം ചെയ്തതായും അധികൃതർ വ്യക്തമാക്കി. പ്രതിസന്ധി പരിഗണിച്ച് വാണിജ്യ എൽപിജി വിഹിതം മുൻപത്തെക്കാൾ 70 ശതമാനമായി കുറച്ചിട്ടുണ്ട്. മാർച്ച് 14 മുതൽ 78,833 മെട്രിക് ടൺ വാണിജ്യ എൽപിജി വിതരണം ചെയ്തപ്പോൾ, മാർച്ച് 23 മുതൽ അഞ്ചുകിലോയുടെ 6.6 ലക്ഷം എഫ്‌ടിഎൽ സിലിണ്ടറുകളും വിറ്റഴിച്ചിട്ടുണ്ട്.