ശ്രീനന്ദയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; മരണകാരണം തലയ്ക്കേറ്റ പരിക്ക്
ബെംഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഉയരത്തിൽ നിന്ന് വീണപ്പോൾ തലയുടെ വലതുഭാഗത്തേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. വീഴ്ചയുടെ ആഘാതത്തിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അസ്ഥികൾ പൊട്ടിയിട്ടുണ്ട്. പാറകളിലും മരങ്ങളിലും തട്ടി ശരീരത്തിലുടനീളം മുറിവുകൾ സംഭവിച്ചതായും ഇതൊരു സാധാരണ അപകടമരണമാണെന്നും റിപ്പോർട്ട് സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം മാണിക്യധാര വെള്ളച്ചാട്ടത്തിന് താഴെ 1500 അടി താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്. ചെങ്കുത്തായ ഭൂപ്രകൃതിയായതിനാൽ ഡ്രോൺ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്. മരത്തിൽ കാല് കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.
മരണത്തിൽ നേരത്തെ കുടുംബം ചില സംശയങ്ങൾ ഉന്നയിച്ചിരുന്നുവെങ്കിലും ശാസ്ത്രീയമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും നിലവിലെ പോലീസ് അന്വേഷണത്തിലും അവർ തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയോടെ കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കുന്ന മൃതദേഹം പൊതുദർശനത്തിന് ശേഷം തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തിൽ സംസ്കരിക്കും.