‘ഞാൻ ബലാത്സംഗിയല്ല, ബാലപീഡകനല്ല’; അക്രമിയുടെ ആരോപണങ്ങളേക്കുറിച്ചുള്ള ചോദ്യങ്ങളിൽ ക്ഷുഭിതനായി ട്രംപ്
വാഷിങ്ടൺ: വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അത്താഴവിരുന്നിനിടെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ റിപ്പോർട്ടറോട് തട്ടിക്കയറി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ’60 മിനിറ്റ്സ്’ എന്ന പരിപാടിയിൽ സിബിഎസ് റിപ്പോർട്ടർ നോറ ഒ ഡോണലിന്റെ ചോദ്യങ്ങളാണ് ട്രംപിനെ ചൊടിപ്പിച്ചത്. വെടിവെപ്പ് കേസിലെ പ്രതി കോൾ തോമസ് അലൻ തയ്യാറാക്കിയ മാനിഫെസ്റ്റോയിലെ പരാമർശങ്ങൾ റിപ്പോർട്ടർ ഉദ്ധരിച്ചതാണ് നാടകീയ രംഗങ്ങൾക്ക് കാരണമായത്.
എപ്സ്റ്റൈൻ ഫയലുകളുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് തന്റെ നീക്കത്തിന് പിന്നിലെന്ന് അലൻ മാനിഫെസ്റ്റോയിൽ ആരോപിച്ചിരുന്നു. ട്രംപിനെ രാജ്യദ്രോഹി എന്നും ബലാത്സംഗി എന്നും വിശേഷിപ്പിച്ച പ്രതി, ഇത്തരൊരാളുടെ കുറ്റകൃത്യങ്ങൾക്ക് താൻ കൂട്ടുനിൽക്കില്ലെന്നും കുറിച്ചു. ഈ വരികൾ അഭിമുഖത്തിനിടെ റിപ്പോർട്ടർ വായിച്ചതോടെ ട്രംപ് ക്ഷുഭിതനായി.
“ഞാൻ ആരെയും ബലാത്സംഗം ചെയ്തിട്ടില്ല, ബാലപീഡകനുമല്ല. പ്രതി ഒരു മാനസികരോഗിയാണ്. അയാളുടെ വാക്കുകൾ ഏറ്റുപിടിക്കുന്നതിൽ റിപ്പോർട്ടർ ലജിക്കണം,” – ട്രംപ് പ്രതികരിച്ചു.
സംഭവസമയത്തെ തന്റെ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. വെടിവെപ്പ് നടന്നപ്പോൾ തനിക്ക് ഭയം തോന്നിയില്ലെന്നും എന്താണ് സംഭവിക്കുന്നതെന്ന് അറിയാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രതിയുടെ മാനിഫെസ്റ്റോ കണ്ട സഹോദരൻ വിവരം അറിയിച്ചതിനെ തുടർന്ന് രഹസ്യാന്വേഷണ വിഭാഗം കൃത്യസമയത്ത് ഇടപെട്ടതുകൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. ഭരണകൂടത്തിലെ ഉന്നതരെ വധിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് അലൻ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.