30/04/2026
[fontresizer_tawhidurrahmandear_widget]

അമേരിക്കൻ പാസ്‌പോർട്ടിൽ ഇനി ട്രംപിൻ്റെ മുഖം; പുതിയ പരിഷ്കാരവുമായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്

 അമേരിക്കൻ പാസ്‌പോർട്ടിൽ ഇനി ട്രംപിൻ്റെ മുഖം; പുതിയ പരിഷ്കാരവുമായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്

വാഷിങ്ടൺ: ദീർഘകാലമായുള്ള അമേരിക്കൻ കീഴ്‌വഴക്കങ്ങൾ തിരുത്തിക്കുറിച്ചു കൊണ്ട് യുഎസ് പാസ്‌പോർട്ടുകളിൽ ഇനി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചിത്രം. രാജ്യത്തിന്റെ 250-ാം സ്വാതന്ത്ര്യവാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന പ്രത്യേക എഡിഷൻ പാസ്‌പോർട്ടുകളിലാണ് ട്രംപിന്റെ ചിത്രം ഉൾപ്പെടുത്തുന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ജൂലൈയിൽ ആഘോഷിക്കുന്ന സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ വാർഷികത്തോടനുബന്ധിച്ചുള്ള പരിമിതകാല പതിപ്പിലാണ് ഈ മാറ്റം. പാസ്‌പോർട്ടിന്റെ ഡിസൈനിൽ സ്വാതന്ത്ര്യ പ്രഖ്യാപന രേഖയ്ക്ക് മുകളിലായി ട്രംപിന്റെ ഔദ്യോഗിക ചിത്രവും സ്വർണ്ണ നിറത്തിലുള്ള ഒപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയുടെ സ്ഥാപക പിതാക്കന്മാരുടെ ചിത്രവും ഇതിനൊപ്പമുണ്ടാകുമെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

വാഷിങ്ടണിൽ നിന്ന് മാത്രമായിരിക്കും ഈ പ്രത്യേക പാസ്‌പോർട്ടുകൾ ലഭ്യമാകുകയെന്നും അപേക്ഷകർ അധിക തുക നൽകേണ്ടതില്ലെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് വ്യക്തമാക്കി. എന്നാൽ നിലവിലെ പാസ്‌പോർട്ട് ലഭിക്കുന്നവർക്ക് ഈ പതിപ്പ് വേണ്ടെന്ന് വെക്കാനുള്ള ഓപ്ഷൻ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നുണ്ട്.

ആധുനിക ജനാധിപത്യ രാജ്യങ്ങളിൽ നിലവിലെ ഭരണാധികാരികളുടെ ചിത്രം ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുത്തുന്ന രീതി സാധാരണയല്ല. നിലവിൽ ചന്ദ്രനിലിറങ്ങിയ ദൗത്യം, സ്റ്റാച്യു ഓഫ് ലിബർട്ട തുടങ്ങിയ ചരിത്രപരമായ മുദ്രകളാണ് അമേരിക്കൻ പാസ്‌പോർട്ടിലുള്ളത്. വീണ്ടും അധികാരത്തിലെത്തിയ ശേഷം സർക്കാർ സംവിധാനങ്ങളിൽ സ്വന്തം പേരും ചിത്രവും അടയാളപ്പെടുത്തുന്നതിൽ ട്രംപ് വലിയ ശ്രദ്ധ നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായി യുഎസ് കറൻസിയിൽ ട്രംപിന്റെ ഒപ്പ് ഉൾപ്പെടുത്തുമെന്ന് ട്രഷറി ഡിപ്പാർട്ട്‌മെന്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പാസ്‌പോർട്ടിലും ട്രംപിന്റെ ചിത്രം വരുന്നത്.

Also read: