യുദ്ധസന്നാഹവുമായി അമേരിക്കയുടെ പടക്കപ്പലുകൾ: യുഎസ്എസ് ജെറാൾഡ് ആർ.ഫോർഡ് ചെങ്കടലിൽ തിരിച്ചെത്തി
വാഷിങ്ടൺ: അത്യാധുനിക സംവിധാനങ്ങളുള്ള അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ് അറ്റകുറ്റപ്പണികൾക്ക് ശേഷം ചെങ്കടലിൽ തിരിച്ചെത്തിയതായി റിപ്പോർട്ട്. സൂയസ് കനാൽ കടന്ന് കപ്പൽ യുഎസ് സെൻട്രൽ കമാൻഡിന്റെ പരിധിയിൽ എത്തിയതായി പ്രതിരോധ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
കഴിഞ്ഞ മാർച്ചിൽ കപ്പലിലെ ലോൺട്രി വിഭാഗത്തിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് കപ്പലിന് കേടുപാടുകൾ സംഭവിക്കുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് ക്രൊയേഷ്യയിലും ഗ്രീസിലുമായി നടന്ന അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയാണ് ഒരു ലക്ഷം ടണ്ണിലധികം ഭാരമുള്ള ഈ ആണവ വിമാനവാഹിനിക്കപ്പൽ വീണ്ടും യുദ്ധസജ്ജമായിരിക്കുന്നത്. നിലവിൽ പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കടുത്ത സംഘർഷാവസ്ഥ കണക്കിലെടുത്ത് മേഖലയിലെ അമേരിക്കൻ സാന്നിധ്യം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.
പശ്ചിമേഷ്യയിൽ നിലവിൽ തമ്പടിച്ചിട്ടുള്ള യുഎസ്എസ് അബ്രഹാം ലിങ്കൺ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിനും യുഎസ്എസ് ട്രിപ്പോളി ആംഫിബിയസ് റെഡി ഗ്രൂപ്പിനും ഒപ്പമാണ് ഇനി ജെറാൾഡ് ആർ. ഫോർഡും പ്രവർത്തിക്കുക. ഇതിനുപുറമെ, യുഎസ്എസ് മഹാൻ, യുഎസ്എസ് വിൻസ്റ്റൺ എസ്. ചർച്ചിൽ എന്നീ ഡിസ്ട്രോയർ കപ്പലുകളും സുരക്ഷയ്ക്കായി ഫോർഡിനെ അനുഗമിക്കുന്നുണ്ട്.
മറ്റൊരു വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷും ആഫ്രിക്കൻ തീരം വഴി പശ്ചിമേഷ്യയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതോടെ മേഖലയിലെ അമേരിക്കയുടെ നാവിക പ്രതിരോധം മുമ്പെങ്ങുമില്ലാത്തവിധം ശക്തമാകും. ആഗോള എണ്ണ വ്യാപാരത്തിന് നിർണ്ണായകമായ ബാബ് അൽ മന്ദബ് കടലിടുക്ക്, സൂയസ് കനാൽ തുടങ്ങിയ ഭാഗങ്ങളിലെ കപ്പൽ ഗതാഗതം സുരക്ഷിതമാക്കാനും ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ ചെറുക്കാനും ഈ വിന്യാസം സഹായിക്കും.
ആധുനിക നാവിക ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ദൗത്യങ്ങളിലൊന്നാണ് ജെറാൾഡ് ആർ. ഫോർഡ് ഇപ്പോൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നത്. 2025 ജൂണിൽ നോർഫോക്കിൽ നിന്ന് യാത്ര തിരിച്ച ഈ കപ്പൽ ഇതിനകം 297 ദിവസങ്ങൾ കടലിൽ പിന്നിട്ടു കഴിഞ്ഞു. ഇത് 11 മാസം വരെ നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക വിവരം.
75-ലധികം യുദ്ധവിമാനങ്ങളെ വഹിക്കാൻ ശേഷിയുള്ള ഈ കപ്പലിൽ എഫ്/എ-18 സൂപ്പർ ഹോർനെറ്റ് സ്ട്രൈക്ക് ഫൈറ്ററുകളും ഇലക്ട്രോണിക് വാർഫെയർ വിമാനങ്ങളും സജ്ജമാണ്. ഇലക്ട്രോമാഗ്നറ്റിക് എയർക്രാഫ്റ്റ് ലോഞ്ച് സിസ്റ്റം പോലുള്ള അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ വളരെ വേഗത്തിൽ വിമാനങ്ങളെ പറന്നുയരാൻ സഹായിക്കാനും ശത്രുക്കളുടെ മിസൈൽ ഭീഷണികളെ ഫലപ്രദമായി നേരിടാനും ഈ കപ്പലിന് സാധിക്കും. പശ്ചിമേഷ്യൻ മേഖലയിലെ അസ്ഥിരമായ സാഹചര്യത്തിൽ അമേരിക്കയുടെ ഈ വൻതോതിലുള്ള സൈനിക വിന്യാസം വലിയ പ്രാധാന്യത്തോടെയാണ് ലോകം നോക്കിക്കാണുന്നത്.