20/04/2026
[fontresizer_tawhidurrahmandear_widget]

വയനാട് ടൗൺഷിപ്പ്: 102 വീടുകളിൽ ഊരാളുങ്കൽ-കിഫ്കോൺ സംയുക്ത പരിശോധന ഇന്നു തുടങ്ങും

 വയനാട് ടൗൺഷിപ്പ്: 102 വീടുകളിൽ ഊരാളുങ്കൽ-കിഫ്കോൺ സംയുക്ത പരിശോധന ഇന്നു തുടങ്ങും

കല്പറ്റ: മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി വയനാട്ടിൽ ഒരുങ്ങുന്ന ടൗൺഷിപ്പിലെ വീടുകളുടെ ഗുണമേന്മ ഉറപ്പാക്കാനുള്ള സംയുക്ത പരിശോധന ഇന്ന് ആരംഭിക്കും. ആദ്യഘട്ടത്തിൽ ഗുണഭോക്താക്കൾക്കായി സജ്ജമാക്കിയ 178 വീടുകളിൽ 102 എണ്ണത്തിലാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും (യുഎൽസിസിഎസ്) കിഫ്കോണിന്റെയും നേതൃത്വത്തിൽ പരിശോധന നടക്കുന്നത്.

പൂർണമായും നിർമാണം പൂർത്തിയായ വീടുകളിൽ മൂന്ന് ഘട്ടങ്ങളിലായാണ് പരിശോധന ക്രമീകരിച്ചിരിക്കുന്നത്. ആദ്യം യുഎൽസിസിഎസ് അധികൃതരും തുടർന്ന് കിഫ്കോണും ചേർന്ന് പരിശോധന നടത്തും. വീടുകൾ കൈമാറുന്നതിന് മുൻപുള്ള അവസാന ഘട്ടത്തിൽ ഗുണഭോക്താക്കളെ കൂടി ഉൾപ്പെടുത്തി വീണ്ടും പരിശോധന നടത്താനാണ് തീരുമാനം.

നേരത്തെ നടത്തിയ പരിശോധനയിൽ ചില വീടുകളിൽ വെള്ളം കിനിഞ്ഞിറങ്ങുന്നതായി കണ്ടെത്തിയിരുന്നു. ഇത് പരിഹരിക്കാനായി എപ്പോക്സി പ്രഷർ ഗ്രൗട്ടിങ് പ്രവൃത്തികൾ പൂർത്തിയാക്കി. ഇതിന് പിന്നാലെ വാട്ടർപ്രൂഫിങ്ങും സ്ക്രീഡ് കോൺക്രീറ്റിങ്ങും നടത്തി വരികയാണ്. നിർമാണത്തിൽ യാതൊരു അപാകതയുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ വീടുകൾ കൈമാറൂ എന്ന് അധികൃതർ വ്യക്തമാക്കി.

ടൗൺഷിപ്പിൽ ആകെ നിർമിക്കുന്ന 410 വീടുകളിൽ 308 എണ്ണത്തിന്റെയും വാർപ്പ് പൂർത്തിയായിട്ടുണ്ട്. ആദ്യഘട്ട വീടുകൾക്കൊപ്പം തന്നെ ബാക്കിയുള്ളവയുടെ അനുബന്ധ പ്രവൃത്തികളും വേഗത്തിൽ പുരോഗമിക്കുകയാണ്. ഒൻപതര ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണിയിലേക്കും അവിടെ നിന്ന് വീടുകളിലേക്കുമുള്ള പൈപ്പ് കണക്ഷനുകൾ നൽകുന്ന പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്. ഇതിന് പുറമെ ടൗൺഷിപ്പിനുള്ളിലെ ക്ലസ്റ്റർ റോഡുകളുടെ നിർമാണവും സിമന്റ് ട്രീറ്റഡ് ബേസ് രീതിയിൽ നടന്നു വരികയാണ്.

Also read: