04/06/2026
[fontresizer_tawhidurrahmandear_widget]

‘പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കൂ; ആൾക്കൂട്ടക്കൊലകൾക്കും മുസ്‌ലിം വിദ്വേഷത്തിനും ശാശ്വത പരിഹാരമാകട്ടെ’-കേന്ദ്രത്തോട് മൗലാനാ അർഷദ് മദനി

 ‘പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കൂ; ആൾക്കൂട്ടക്കൊലകൾക്കും മുസ്‌ലിം വിദ്വേഷത്തിനും ശാശ്വത പരിഹാരമാകട്ടെ’-കേന്ദ്രത്തോട് മൗലാനാ അർഷദ് മദനി

ന്യൂഡൽഹി: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ മൗലാന സയ്യിദ് അർഷദ് മദനി. പശുവുമായി ബന്ധപ്പെടുത്തി രാജ്യത്ത് നടക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനും മുസ്‌ലിംകളെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ടുള്ള ആൾക്കൂട്ട ആക്രമണങ്ങൾക്കും ശാശ്വത പരിഹാരം കാണാൻ ഇനി അതുമാത്രമാണൊരു പോംവഴിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അർഷാദ് മദനിയുടെ അഭിപ്രായപ്രകടനം.

രാജ്യത്തെ ഭൂരിപക്ഷ സമൂഹം പശുവിനെ വെറുമൊരു മൃഗമായല്ല, മറിച്ച് തങ്ങളുടെ മാതാവായാണ് കാണുന്നത്. അങ്ങനെയിരിക്കെ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്നതിന് അനുകൂലമായി ഒരു പ്രമേയം കൊണ്ടുവരുന്നതിൽനിന്നു സർക്കാരിനെ തടയുന്നത് എന്താണെന്ന് അദ്ദേഹം ചോദിച്ചു. ‘പശുവിന്റെ പേരിൽ നടക്കുന്ന ആൾക്കൂട്ടക്കൊലകളും നിരപരാധികളായ മനുഷ്യരെ കൊല്ലുന്നതും വിദ്വേഷ രാഷ്ട്രീയവും മുസ്ലിംകളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളും അവസാനിപ്പിക്കേണ്ടതുണ്ട്. മതത്തിന്റെ പേരിലുള്ള രാഷ്ട്രീയം കാരണം ഒരു മനുഷ്യജീവൻ പോലും നഷ്ടപ്പെടാൻ പാടില്ല,’ മദനി ചൂണ്ടിക്കാട്ടി.

ബീഫ് വിൽപനയുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന ഇരട്ടത്താപ്പിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. മുസ്ലിം ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങളിൽ പശുവിന്റെ പേരിൽ നിരന്തരം ആക്രമണങ്ങൾ നടക്കുമ്പോൾ, രാജ്യത്തെ മറ്റു പലയിടങ്ങളിലും ബീഫ് പരസ്യമായി വിൽക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഭക്തിയല്ല, മറിച്ച് രാഷ്ട്രീയ തന്ത്രവും ഇരട്ടത്താപ്പുമാണ്. ബീഫ് കഴിക്കുന്നുണ്ടെന്ന് ക്യാമറയ്ക്ക് മുന്നിൽ തുറന്നുസമ്മതിച്ച ചില ബി.ജെ.പി നേതാക്കളുടെയും മന്ത്രിമാരുടെയും നിലപാടുകളെ ചോദ്യം ചെയ്ത മദനി, ഗോസംരക്ഷണത്തിന്റെ പേരിൽ ആൾക്കൂട്ട അക്രമം നടത്തുന്നവർ ഇത്തരം നേതാക്കൾക്കെതിരെ മിണ്ടുന്നില്ലെന്നും കുറ്റപ്പെടുത്തി.

പശുവിനെ ദേശീയ മൃഗമാക്കുന്നതിലൂടെ ഈ പ്രശ്‌നങ്ങൾക്കെല്ലാം എന്നെന്നേക്കുമായി പരിഹാരമുണ്ടാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ഇതിനായി കൊണ്ടുവരുന്ന നിയമങ്ങൾ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വിവേചനമില്ലാതെ ഒരേപോലെ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് വൈസ് പ്രസിഡന്റ് കൂടിയാണ് അർഷദ് മദനി.

Also read: