കാണാതായ വ്യവസായി മുതലയുടെ വയറ്റിൽ; പുറത്തെടുത്തത് രണ്ട് കൈകളും ആറ് ജോഡി ചെരുപ്പുകളും
ദക്ഷിണാഫ്രിക്കയിലെ കോമാറ്റി പുഴയിൽ മീൻപിടിക്കാൻ പോയ ഹോട്ടൽ ഉടമയെ കാണാതായ സംഭവത്തിൽ നാടിനെ നടുക്കുന്ന അന്ത്യം. 59-കാരനായ ഗബ്രിയേൽ ബാറ്റിസ്‌റ്റയെ കൂറ്റൻ മുതല വിഴുങ്ങിയ നിലയിൽ കണ്ടെത്തി. ഒഴിവുസമയങ്ങളിൽ കയാക്കിംഗും മീൻപിടുത്തവും ഹരമായിരുന്ന ബാറ്റിസ്‌റ്റ, പുഴയിലേക്ക് പോയി മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലിൽ അവസാനിച്ചത്.
മലവെള്ളപ്പാച്ചിലിൽ ബാറ്റിസ്‌റ്റ ഒഴുകിപ്പോയിട്ടുണ്ടാകാം എന്ന നിഗമനത്തിൽ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് അസാധാരണമായ ഒന്ന് ശ്രദ്ധയിൽപ്പെട്ടത്. ഡ്രോണുകൾ അരികിലെത്തുമ്പോൾ പുഴയിലെ മറ്റ് മുതലകൾ വെള്ളത്തിലേക്ക് ചാടി മറഞ്ഞെങ്കിലും, തീരത്ത് വെയിൽ കാഞ്ഞു കിടന്ന ഒരു കൂറ്റൻ മുതല മാത്രം അനങ്ങാൻ പോലുമാകാതെ കിടക്കുകയായിരുന്നു. ഇരവിഴുങ്ങി വയർ വീർത്തു നിൽക്കുന്ന നിലയിലായിരുന്ന മുതലയെ സംശയം തോന്നി വനംവകുപ്പിന്റെ അനുമതിയോടെ വെടിവെച്ചു കൊന്നു.
ഹെലികോപ്റ്ററിൽ കെട്ടിത്തൂക്കി പ്രത്യേക കേന്ദ്രത്തിലെത്തിച്ച മുതലയുടെ വയർ കീറി പരിശോധിച്ച ഉദ്യോഗസ്ഥർ കണ്ടത് നടുക്കുന്ന കാഴ്ചകളായിരുന്നു. രണ്ട് മനുഷ്യക്കൈകളും വാരിയെല്ലിന്റെ ഭാഗങ്ങളും മാംസാവശിഷ്ടങ്ങളും വയറ്റിൽ നിന്നും കണ്ടെടുത്തു. കൈവിരലിലെ മോതിരം കണ്ടതോടെ അത് ബാറ്റിസ്‌റ്റ തന്നെയാണെന്ന് കുടുംബം തിരിച്ചറിഞ്ഞു. എന്നാൽ ഈ പരിശോധനയിൽ ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചത് ബാറ്റിസ്‌റ്റയുടെ ശരീരത്തിനൊപ്പം മുതലയുടെ വയറ്റിലുണ്ടായിരുന്ന ആറ് ജോഡി ബൂട്ടുകളായിരുന്നു. ഇതിനു മുൻപും മുതല മനുഷ്യരെ ഇരയാക്കിയിട്ടുണ്ടാകാമെന്നാണ് ഈ കണ്ടെത്തൽ നൽകുന്ന സൂചന. അദ്ദേഹം പുഴയിൽ വീണ ശേഷം മുതല വിഴുങ്ങിയതാണോ അതോ ആക്രമിച്ചു കൊലപ്പെടുത്തിയതാണോ എന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്.