പെട്രോൾ, ഡീസൽ, പാചകവാതക വില ഉയർന്നേക്കാം; സാധ്യത തള്ളാതെ സർക്കാർ വൃത്തങ്ങൾ
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ, പാചകവാതക വില ഉടൻ വർധിക്കാനുള്ള സാധ്യതയുണ്ടെന്ന സൂചനകൾ നൽകി കേന്ദ്ര മന്ത്രാലയ വൃത്തങ്ങൾ. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കൂടിയ സാഹചര്യത്തിൽ വലിയ നഷ്ടമാണ് നേരിടുന്നതെന്ന് ചൂണ്ടിക്കാട്ടി എണ്ണക്കമ്പനികൾ സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കുകയാണ്. ഹോർമുസ് കടലിടുക്കിലെ ഉപരോധം മൂലം ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളറായി തുടരുകയാണ്. കഴിഞ്ഞ ആഴ്‌ചയിലിത് നാലുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 126 ഡോളറിൽ എത്തിയിരുന്നു.
നേരത്തെ വില വർധിപ്പിക്കില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചിരുന്നെങ്കിലും, വാണിജ്യാവശ്യത്തിനുള്ള ഇന്ധനങ്ങളുടെ വില ഇതിനോടകം തന്നെ കമ്പനികൾ കൂട്ടിയിട്ടുണ്ട്. ബംഗാൾ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നതോടെ പെട്രോളിനും ഡീസലിനും ലിറ്ററിന് 25 രൂപ മുതൽ 28 രൂപ വരെ വർധിച്ചേക്കുമെന്ന് സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നു. കഴിഞ്ഞ നാല് വർഷമായി ഇന്ധനവില വർധിപ്പിക്കാത്തത് മൂലം പൊതുമേഖലാ കമ്പനികൾക്ക് പെട്രോളിന് 20 രൂപയും ഡീസലിന് 100 രൂപയോളവും നഷ്ടം സംഭവിക്കുന്നതായി പെട്രോളിയം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. പാചകവാതക വിലയും ഇതോടൊപ്പം ഉയർന്നേക്കും. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് നേരത്തെ തന്നെ 993 രൂപ വർധിപ്പിച്ചിരുന്നു.