11/05/2026
[fontresizer_tawhidurrahmandear_widget]

പെട്രോളും ഡീസലും കരുതലോടെ; പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിൽ നിർദേശവുമായി പ്രധാനമന്ത്രി

 പെട്രോളും ഡീസലും കരുതലോടെ; പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിൽ നിർദേശവുമായി പ്രധാനമന്ത്രി

ഹൈദരാബാദ്: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് രാജ്യം കടുത്ത ഊർജപ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ, പെട്രോളിയം ഉൽപന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ഹൈദരാബാദിൽ 9,400 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലുണ്ടായ ഉപരോധം ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. വിദേശനാണ്യം ലാഭിക്കാനും യുദ്ധത്തിന്റെ ആഘാതം മറികടക്കാനും പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

തെലങ്കാനയിലെ മഹബൂബ് നഗറിൽ നടന്ന ചടങ്ങിൽ ഹൈദരാബാദ്-പനാജി സാമ്പത്തിക ഇടനാഴി, പുതിയ പെട്രോളിയം ടെർമിനൽ, റെയിൽവേ മൾട്ടി ട്രാക്കിങ് തുടങ്ങി ഒട്ടനവധി പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. വാരങ്കലിൽ 1,700 കോടി രൂപ ചെലവിൽ നിർമ്മിച്ച രാജ്യത്തെ ആദ്യത്തെ പൂർണ്ണസജ്ജമായ പി.എം മിത്ര പാർക്കും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഇന്ധനത്തിനായി ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സൗരോർജ്ജം, എഥനോൾ മിശ്രിതം എന്നിവയ്ക്ക് സർക്കാർ മുൻഗണന നൽകുന്നുണ്ടെന്നും പി.എൻ.ജി, സി.എൻ.ജി സംവിധാനങ്ങൾ വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും മോദി വ്യക്തമാക്കി.

Also read: