‘ആണവായുധം നിർമ്മിക്കില്ലെന്ന് ലോകത്തിന് ഉറപ്പു നൽകാൻ ഞങ്ങൾ തയാറാണ് പശ്ചിമേഷ്യയിലെ സമാധാനം തകർക്കുന്നത് ഇസ്രയേലാണ്’: മസൂദ് പെസെഷ്‌കിയാൻ
തെഹ്‌റാൻ: തങ്ങൾ ആണവായുധങ്ങൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്നില്ലെന്നും മേഖലയിൽ അസ്ഥിരത ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അന്താരാഷ്ട്ര സമൂഹത്തിന് ബോധ്യപ്പെടുത്താൻ ഇറാൻ തയ്യാറാണെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ വ്യക്തമാക്കി. ഇറാനിയൻ സ്‌റ്റേറ്റ് ടെലിവിഷൻ സന്ദർശിക്കവെയാണ് അദ്ദേഹം ഈ നിലപാട് അറിയിച്ചത്.
പശ്ചിമേഷ്യയിൽ യഥാർത്ഥത്തിൽ അസ്ഥിരത സൃഷ്ടിക്കുന്നത് ഇസ്രായേലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്കയുമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, രാജ്യത്തിന്റെ പരമാധികാരത്തെയും അന്തസിനെയും ബാധിക്കുന്ന ഒരു കാര്യത്തിലും വിട്ടുവീഴ്ച ചെയ്യാൻ ഇറാന്റെ ചർച്ചാ സംഘം തയ്യാറാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന ഇറാന്റെ പരമാധികാരി ആയത്തുള്ള അലി ഖമേനിയുടെ മുൻപത്തെ പ്രസ്താവന ഉയർത്തിക്കാട്ടി 2025 സെപ്റ്റംബറിൽ യുഎൻ പൊതുസഭയിൽ സംസാരിച്ചപ്പോഴും പെസെഷ്‌കിയാൻ ഇതേ നിലപാട് ആവർത്തിച്ചിരുന്നു. ഇറാന്റെ ആണവ പ്രവർത്തനങ്ങൾ പൂർണ്ണമായും സമാധാനപരമായ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന് രാജ്യം അവകാശപ്പെടുന്നുണ്ടെങ്കിലും, അന്താരാഷ്ട്ര തലത്തിൽ ഇപ്പോഴും ആശങ്കകൾ നിലനിൽക്കുന്നുണ്ട്.
ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പ്രക്രിയ ആയുധ നിർമ്മാണത്തിന് ആവശ്യമായ തോതിലേക്ക് അടുത്തതായും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ സുരക്ഷാ മാനദണ്ഡങ്ങൾ മുൻപ് ലംഘിക്കപ്പെട്ടിട്ടുള്ളതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിൽ, അമേരിക്കയിലെ ട്രംപ് ഭരണകൂടവുമായി ഇറാൻ നേരിട്ടും അല്ലാതെയുമുള്ള നയതന്ത്ര ചർച്ചകൾ തുടരുന്നതിനിടയിലാണ് ഇറാന്റെ ഭാഗത്ത് നിന്നുള്ള ഈ നിർണ്ണായക പ്രതികരണം പുറത്തുവരുന്നത്.