‘കടുത്ത മാനസിക സമ്മർദം’: 9 വർഷത്തെ ഐടി ജോലി രാജിവെച്ച് ഓട്ടോ ഡ്രൈവറായി; ഇപ്പോൾ മാസവരുമാനം 60,000 രൂപ
കരിയറിലെ ഉയർന്ന പദവികളും കോർപറേറ്റ് സമ്മർദങ്ങളും മാറ്റിവെച്ച്, ജീവിതത്തിലെ യഥാർത്ഥ സന്തോഷം തേടി ഓട്ടോ ഡ്രൈവറായി മാറിയ ഒരു യുവതിയുടെ കഥ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഒമ്പത് വർഷത്തെ ഐടി മാനേജർ ഉദ്യോഗം ഉപേക്ഷിച്ചാണ് ഈ സ്ത്രീ തികച്ചും വ്യത്യസ്തമായ പാത തെരഞ്ഞെടുത്തത്. സംരംഭകനായ ഡോ. നെസ്രിൻ മിദ്‌ലാജ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രചോദനാത്മകമായ അനുഭവം പുറത്തുവന്നത്.
യാത്രയ്ക്കിടയിൽ വനിതാ ഡ്രൈവറെ കണ്ടുമുട്ടിയ മിദ്‌ലാജ്, പുരുഷന്മാർ കൂടുതലായി ആധിപത്യം പുലർത്തുന്ന ഒരു മേഖലയിലെ അവരുടെ അനുഭവങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു. മുൻ ജോലിയിലെ കടുത്ത മാനസിക സമ്മർദവും പിരിമുറുക്കങ്ങളുമാണ് ആ കരിയർ ഉപേക്ഷിക്കാൻ തനിക്ക് പ്രേരണയായതെന്ന് ശാന്തതയോടും ആത്മവിശ്വാസത്തോടും കൂടി അവർ വെളിപ്പെടുത്തി.
നിലവിൽ ഓട്ടോറിക്ഷ ഓടിക്കുന്നതിലൂടെ പ്രതിമാസം 60,000 രൂപയോളം ഇവർ സമ്പാദിക്കുന്നുണ്ട്. ഉയർന്ന പദവികളേക്കാളും പരമ്പരാഗത വിജയസങ്കൽപ്പങ്ങളേക്കാളും തനിക്ക് പ്രധാനം മനസ്സമാധാനമാണെന്നും, നിലവിലെ ജീവിതത്തിൽ താൻ പൂർണ സന്തുഷ്ടയാണെന്നും അവർ വ്യക്തമാക്കുന്നു. സമൂഹത്തിന്റെ പ്രതീക്ഷകൾക്ക് പിന്നാലെ പായുന്നതിനേക്കാൾ സ്വന്തം സന്തോഷത്തിന് മുൻഗണന നൽകിയ യുവതിയുടെ ധീരമായ തീരുമാനത്തെ പ്രശംസിച്ച് നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തുന്നത്.