എപ്സ്റ്റീൻ കരീബിയൻ ദ്വീപിൽ നിർമിച്ചത് പള്ളി? കഅ്ബയുടെ കിസ്‌വയും ഉസ്‌ബെക് ടൈലുകളും എത്തിച്ചു; വെളിപ്പെടുത്തൽ
വാഷിങ്ടൺ: ലൈംഗിക കുറ്റകൃത്യത്തിന് ജയിലിൽ കഴിയവരെ അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റീന്റെ ജീവിതം എന്നും നിഗൂഢതകൾ നിറഞ്ഞതായിരുന്നു. എന്നാൽ, ഇയാളുടെ മരണശേഷം പുറത്തുവരുന്ന ഓരോ വിവരങ്ങളും ലോകത്തെ ഞെട്ടിക്കുന്നതാണ്. കരീബിയൻ കടലിലെ തന്റെ സ്വകാര്യ ദ്വീപായ ‘ലിറ്റിൽ സെന്റ് ജെയിംസിൽ’ എപ്സ്റ്റീൻ നിർമിച്ച, ഏറെ കൗതുകമുണർത്തിയ ആ കെട്ടിടം ഒരു പള്ളിയായിരുന്നുവെന്നും, ലോക മുസ്ലിംകൾ ഏറ്റവും വിശുദ്ധമായി കരുതുന്ന മക്കയിലെ കഅബയിലെ വസ്തുക്കൾ വരെ അവിടെ എത്തിച്ചിരുന്നുവെന്നുമുള്ള വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ‘ന്യൂയോർക്ക് ടൈംസ്’ പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടുകൾ എപ്സ്റ്റീന്റെ വിചിത്രമായ അഭിനിവേശത്തെയും മിഡിലീസ്റ്റിലെ ഉന്നതരുമായുള്ള അദ്ദേഹത്തിന്റെ വഴിവിട്ട ബന്ധങ്ങളെയും തുറന്നുകാട്ടുന്നു.
‘കിസ്‍വ’യും ആയുധമാക്കി!
എപ്സ്റ്റീന്റെ ദ്വീപിലെ നീലയും വെള്ളയും വരകളുള്ള, സ്വർണ താഴികക്കുടം ചൂടിയ കെട്ടിടം വർഷങ്ങളായി സമൂഹമാധ്യമങ്ങളിലും അല്ലാതെയും വലിയ ചർച്ചാവിഷയവും കൗതുകവുമായിരുന്നു. ജിംനേഷ്യം ആണെന്നും മ്യൂസിക് റൂം ആണെന്നുമെല്ലാമായിരുന്നു മുൻപ് എപ്സ്റ്റീനുമായി ബന്ധപ്പെട്ടവർ നൽകിയ വിശദീകരണം. എന്നാൽ, എപ്സ്റ്റീൻ ഇതിനെ ഒരു പള്ളിയായാണ് കണ്ടിരുന്നതെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഏറ്റവും വിചിത്രമായ കാര്യം, ഇസ്ലാം മതവിശ്വാസികൾ അതിപാവനമായി കരുതുന്ന മക്കയിലെ കഅബയെ പുതപ്പിക്കുന്ന ‘കിസ്‍വ’യുടെ ഭാഗങ്ങൾ എപ്സ്റ്റീൻ തന്റെ ഈ കെട്ടിടത്തിനായി സംഘടിപ്പിച്ചു എന്നതാണ്.

ഏതാണ്ട് അഞ്ച് ദശലക്ഷം ഡോളർ ചിലവിൽ, പട്ടുനൂലുകളും സ്വർണ-വെള്ളി നൂലുകളും ഉപയോഗിച്ച് നിർമിക്കുന്ന കിസ്വയുടെ മൂന്ന് ഭാഗങ്ങളാണ് എപ്സ്റ്റീന്റെ ദ്വീപിലേക്ക് എത്തിയത്. ഇതിൽ ഒന്ന് കഅബയുടെ ഉൾവശത്ത് ഉപയോഗിച്ചിരുന്ന അത്യപൂർവ വസ്ത്രമായിരുന്നു. ‘പത്ത് ദശലക്ഷത്തോളം വിശ്വാസികൾ സ്പർശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത കറുത്ത തുണി’ എന്നാണ് എപ്സ്റ്റീന്റെ സഹായി ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. കോടിക്കണക്കിന് മനുഷ്യരുടെ കണ്ണീരും പ്രാർത്ഥനയും കലർന്ന ഈ വിശുദ്ധ വസ്ത്രങ്ങൾ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ദ്വീപിലേക്ക് എത്തിച്ചു എന്ന വാർത്ത മതവിശ്വാസികൾക്കിടയിൽ വലിയ ഞെട്ടലുണ്ടാക്കുമെന്നുറപ്പാണ്.

അധികാരത്തിലേക്കുള്ള ‘പള്ളിയേണി’
എപ്സ്റ്റീന്റെ ഈ പള്ളി നിർമാണം കേവലം വാസ്തുവിദ്യാ കൗതുകം മാത്രമായിരുന്നില്ല. മറിച്ച് മിഡിലീസ്റ്റിലെ അധികാരകേന്ദ്രങ്ങളുമായി അടുത്ത ബന്ധം സ്ഥാപിക്കാനുള്ള ഒരു തന്ത്രമായിരുന്നു ഇത്. പല അറബ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്താൻ എപ്സ്റ്റീൻ ആഗ്രഹിച്ചിരുന്നു. സൗദിയിലെ പെട്രോളിയം കമ്പനിയായ ‘അരാംകോ’ ഓഹരി വിപണിയിൽ എത്തുമ്പോൾ അതിന്റെ സാമ്പത്തിക ഉപദേഷ്ടാവാകാൻ എപ്സ്റ്റീൻ ശ്രമിച്ചിരുന്നതായി രേഖകൾ പറയുന്നു.
ഇതിനായി നോർവീജിയൻ നയതന്ത്രജ്ഞനായ ടെർജെ റോഡ്-ലാർസൻ വഴി എപ്സ്റ്റീൻ ബന്ധപ്പെട്ട വൃത്തങ്ങളുമായി ബന്ധപ്പെട്ടു. സൗദി കോൺസുലേറ്റിൽനിന്ന് തനിക്ക് പ്രത്യേക ക്ഷണം ഉണ്ടെന്ന് വരെ ഇയാൾ അവകാശപ്പെട്ടിരുന്നു. മുസ്ലിം രാജ്യങ്ങൾക്കായി ‘ശരീഅത്ത്’ എന്ന പേരിൽ ഒരു പുതിയ കറൻസി രൂപീകരിക്കുക എന്ന വിചിത്രമായ പദ്ധതി പോലും ഇയാൾ അറബ് നേതാക്കൾക്കു മുന്നിൽ അവതരിപ്പിക്കാൻ ആഗ്രഹിച്ചിരുന്നതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

പള്ളിയുടെ ആകൃതി, സ്വന്തം പേര്
ഉസ്‌ബെക്കിസ്ഥാനിലെ പള്ളികളിൽ ഉപയോഗിക്കുന്ന ടൈലുകളും സിറിയയിലെ പുരാതന കുളിമുറികളായ ‘ഹമാം’ മാതൃകയിലുള്ള സ്വർണ താഴികക്കുടവുമാണ് എപ്സ്റ്റീൻ തന്റെ കെട്ടിടത്തിനായി തെരഞ്ഞെടുത്തത്. എന്നാൽ, ഇവിടത്തെ ഏറ്റവും ക്രൂരമായ വിരോധാഭാസം മറ്റൊന്നായിരുന്നു. പള്ളിയുടെ ഭിത്തികളിൽ ദൈവത്തിന്റെ(അല്ലാഹു) നാമം കൊത്തിവെക്കുന്നതിന് പകരം തന്റെ പേരിന്റെ ആദ്യാക്ഷരങ്ങളായ ജെ, ഇ എന്നിവ കൊത്തിവെക്കാൻ ഇയാൾ ശിൽപികളോട് ആവശ്യപ്പെട്ടു. ‘അല്ലാഹു എന്ന് എഴുതുന്നതിന് പകരം ജെ-യും ഇ-യും മതി’ എന്ന എപ്സ്റ്റീന്റെ ഇമെയിൽ സന്ദേശം അദ്ദേഹത്തിന്റെ അതിരുകടന്ന അഹന്തയുടെ തെളിവായി അന്വേഷണ ഉദ്യോഗസ്ഥർ കാണുന്നു.
റുമാനിയൻ കലാകാരനായ അയോൺ നിക്കോളയെയാണ് ഇതിനായി അദ്ദേഹം നിയോഗിച്ചിരുന്നത്. എപ്സ്റ്റീൻ തന്റെ കെട്ടിടത്തെ എപ്പോഴും മസ്ജിദ് എന്നാണ് വിളിച്ചിരുന്നതെന്ന് നിക്കോള സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഒരു ജൂതകുടുംബത്തിൽ ജനിച്ച എപ്സ്റ്റീൻ ഇത് ശരിക്കും മതപരമായ ആവശ്യങ്ങൾക്കാണോ അതോ മറ്റെന്തെങ്കിലും രഹസ്യ ലക്ഷ്യങ്ങൾക്കാണോ ഉപയോഗിച്ചിരുന്നത് എന്ന് ഇപ്പോഴും വ്യക്തമല്ല.
വീഴ്ചയുടെ തുടക്കം
2017-ലെ മരിയ ചുഴലിക്കാറ്റിൽ ഈ കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. എന്നാൽ, പ്രകൃതിക്ഷോഭത്തേക്കാൾ വലിയ ദുരന്തങ്ങൾ എപ്സ്റ്റീനെ കാത്തിരിക്കുന്നുണ്ടായിരുന്നു. അറബ് നേതാക്കളുമായുള്ള ബന്ധം വിചാരിച്ച പോലെ മുന്നോട്ട് പോയില്ല. തന്റെ നിർദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് അവർക്ക് വലിയ തിരിച്ചടികൾ നേരിടേണ്ടി വരുമെന്ന് ഇയാൾ സുഹൃത്തുക്കൾക്ക് സന്ദേശമയച്ചു. ഇതിനിടയിലാണ് എപ്സ്റ്റീനെതിരെയുള്ള ലൈംഗിക പീഡന പരാതികൾ വീണ്ടും ഉയർന്നുവരുന്നത്.
2019-ൽ ന്യൂയോർക്കിലെ ജയിലിൽ എപ്സ്റ്റീൻ ജീവനൊടുക്കിയതോടെ ഇയാൾ ദ്വീപിൽ ഒളിപ്പിച്ചുവെച്ച പല രഹസ്യങ്ങളും മണ്ണടിഞ്ഞുവെന്ന് കരുതിയെങ്കിലും, പുറത്തുവരുന്ന ഓരോ രേഖകളും വിരൽ ചൂണ്ടുന്നത് മതവിശ്വാസങ്ങളെപ്പോലും തന്റെ പണക്കൊഴുപ്പും സ്വാധീനവും ഉപയോഗിച്ച് ദുരുപയോഗം ചെയ്ത ഒരു ക്രിമിനൽ ബുദ്ധിയിലേക്കാണ്. വിശുദ്ധമായ ചിഹ്നങ്ങളെയും അധികാര കേന്ദ്രങ്ങളെയും തന്റെ ലൈംഗിക അതിക്രമങ്ങൾക്കും സാമ്പത്തിക താൽപ്പര്യങ്ങൾക്കും മറയാക്കി മാറ്റിയ എപ്സ്റ്റീന്റെ ക്രൂരമായ വിനോദങ്ങളുടെ സ്മാരകമായി ആ ‘നീല കെട്ടിടം’ ഇന്നും ദ്വീപിൽ അവശേഷിക്കുന്നു.