12/06/2026
[fontresizer_tawhidurrahmandear_widget]

മന്ത്രിമാരുടെ ഓഫിസുകളിലെയും വിവിധ സെക്‌ഷനുകളിലെയും ഫയലുകൾ കൂട്ടത്തോടെ നശിപ്പിക്കുന്നു; അതിൽ എന്തൊക്കെ?

 മന്ത്രിമാരുടെ ഓഫിസുകളിലെയും വിവിധ സെക്‌ഷനുകളിലെയും ഫയലുകൾ കൂട്ടത്തോടെ നശിപ്പിക്കുന്നു; അതിൽ എന്തൊക്കെ?

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റത്തിനുള്ള സാധ്യതകൾക്കിടെ സെക്രട്ടേറിയറ്റിലെ മന്ത്രിമാരുടെ ഓഫിസുകളിലും വിവിധ വകുപ്പുകളിലും ഫയലുകൾ കൂട്ടത്തോടെ നശിപ്പിക്കുന്നതായി റിപ്പോർട്ട്. അനാവശ്യ രേഖകൾ നീക്കം ചെയ്യുന്ന പതിവുണ്ടെങ്കിലും, നിലവിൽ നടക്കുന്ന ഫയൽ നശിപ്പിക്കൽ വൻതോതിലുള്ളതും അസാധാരണവുമാണെന്നാണ് വിലയിരുത്തൽ.

എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ ആരംഭിച്ച നടപടികൾ, വോട്ടെണ്ണൽ പൂർത്തിയായതോടെ അതീവ വേഗത്തിലായി. മന്ത്രിമാരുടെ ഓഫിസുകളിൽ നിന്ന് ശേഖരിക്കുന്ന ഫയലുകൾ ചീഫ് സെക്രട്ടറിയുടെ മുറിക്ക് സമീപമുള്ള ഷെഡ്ഡിങ് റൂമിലെത്തിച്ചാണ് നശിപ്പിക്കുന്നത്. മെഷീൻ ഉപയോഗിച്ച് കടലാസുകൾ തുണ്ടുകളാക്കി മാറ്റുന്ന നടപടി ഇന്ന് പൂർത്തിയാകും.

മന്ത്രിമാരും പഴ്സനൽ സ്റ്റാഫും നടത്തിയ ഔദ്യോഗിക കത്തിടപാടുകൾ, വിവരങ്ങൾ പുറത്താകാതിരിക്കാൻ ഇ-ഓഫിസ് സംവിധാനം ഒഴിവാക്കി കൈകാര്യം ചെയ്ത കടലാസ് ഫയലുകൾ, കുറിപ്പുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവയാണ് പ്രധാനമായും നശിപ്പിക്കുന്നത്. സർക്കാർ മാറുമ്പോൾ ഫയലുകൾ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം വകുപ്പ് സെക്രട്ടറിമാർക്കും ചീഫ് സെക്രട്ടറിക്കുമാണെന്നിരിക്കെയാണ് ഈ നീക്കം. സുപ്രധാന ഫയലുകളിൽ ഒരു പങ്ക് നേരത്തെ തന്നെ പഴ്സനൽ സ്റ്റാഫ് അംഗങ്ങൾ കടത്തിയതായും സൂചനയുണ്ട്.

വോട്ടെടുപ്പിന് പിന്നാലെ ഇ-ഓഫിസ് സോഫ്റ്റ്‌വെയർ പരിഷ്കരിക്കാൻ സർക്കാർ ഉത്തരവിറക്കിയിരുന്നെങ്കിലും പ്രതിപക്ഷത്തിന്റെ ഇടപെടലിനെത്തുടർന്ന് ഇത് പിൻവലിച്ചിരുന്നു. ഡിജിറ്റൽ ഫയലുകൾ നശിപ്പിക്കാനാണ് ഈ നീക്കമെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുകയായിരുന്നു. എന്നാൽ, സെക്രട്ടേറിയറ്റിൽ പേപ്പർ ഫയലുകൾ വളരെ കുറവാണെന്നും ഫയലുകൾ നശിപ്പിക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നുമാണ് പൊതുഭരണ സെക്രട്ടറി കെ. ബിജുവിന്റെ വിശദീകരണം.

Also read: