21/07/2026
[fontresizer_tawhidurrahmandear_widget]

ആദ്യം വോട്ട് വെട്ടി, പിന്നെ പാസ്‌പോര്‍ട്ട്; ആർ. രാജഗോപാലിനായി സുവേന്ദു അധികാരിയുടെ ഇടപെടൽ തേടി വി.ഡി. സതീശൻ

 ആദ്യം വോട്ട് വെട്ടി, പിന്നെ പാസ്‌പോര്‍ട്ട്; ആർ. രാജഗോപാലിനായി സുവേന്ദു അധികാരിയുടെ ഇടപെടൽ തേടി വി.ഡി. സതീശൻ

വി.ഡി. സതീശൻ, ആർ രാജഗോപാൽ, സുവേന്ദു അധികാരി

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും ‘ദ ടെലഗ്രാഫ്’ പത്രത്തിന്റെ മുൻ എഡിറ്ററുമായ ആർ. രാജഗോപാലിന്റെ പാസ്പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ഇടപെടൽ അഭ്യർത്ഥിച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ. ആർ. രാജഗോപാലിന്റെ പാസ്പോർട്ട് കണ്ടുകെട്ടിയ നടപടിയിൽ ഇടപെടണമെന്നും അത് തിരികെ ലഭിക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് കേരള മുഖ്യമന്ത്രി കത്തയച്ചത്.

മാധ്യമപ്രവർത്തകൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ജോലി നിർവഹണത്തെ ബാധിക്കുന്ന രീതിയിൽ പാസ്പോർട്ട് തടഞ്ഞുവെച്ചത് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുവെന്ന വസ്തുത കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കൊൽക്കത്ത പൊലീസിന്റെ ഭാഗത്തുനിന്നുള്ള പ്രതികൂലമായ വെരിഫിക്കേഷൻ റിപ്പോർട്ടാണ് പാസ്പോർട്ട് പുതുക്കലിന് തടസ്സമായി നിൽക്കുന്നതെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരിയെ അറിയിച്ചു. എസ്.ഐ.ആറിനെ തുടർന്ന് വോട്ടർ പട്ടികയിൽ നിന്നും രാജഗോപാലിന്റെ പേര് നീക്കം ചെയ്തതാണ് ഇത്തരമൊരു വെരിഫിക്കേഷൻ റിപ്പോർട്ടിന് കാരണമായതെന്നും, വോട്ടർ പട്ടികയിൽ പേര് വീണ്ടും ചേർക്കുന്നതിനുള്ള അപ്പീൽ നടപടികൾ അദ്ദേഹം ആരംഭിച്ചിട്ടുണ്ടെന്നും സതീശൻ കത്തിൽ വ്യക്തമാക്കി.

2002-ലെ വോട്ടർപട്ടികയിൽ രാജഗോപാലിന്റെയോ പരേതനായ പിതാവിന്റെയോ പേര് കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ മാർച്ചിൽ കൊൽക്കത്തയിലെ ബാലിഗഞ്ച് മണ്ഡലത്തിൽ നിന്നും അദ്ദേഹത്തിന്റെ പേര് വെട്ടിയത്. ഗാന്ധിയനും മുൻ പ്രൊഫസറും കേരളത്തിലെ ഗാന്ധി സ്മാരക നിധി മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന പിതാവ് 2016-ലാണ് അന്തരിച്ചതെന്നും, അദ്ദേഹം എങ്ങനെ വോട്ടർപട്ടികയിൽ ഇല്ലാതെ വരുമെന്നും ആർ. രാജഗോപാൽ ചോദിക്കുന്നു.

‘യുക്തിസഹമായ അപാകതകൾ’ (Logical Discrepancies) എന്ന കാരണംക്കാട്ടി ബംഗാളിൽ വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ട ലക്ഷക്കണക്കിന് ആളുകളിൽ ഒരാളാണ് താനെന്നും, തന്റെ മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും അധികൃതർ കാരണം വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി നിർദ്ദേശപ്രകാരമുള്ള ട്രൈബ്യൂണലിൽ ഇതിനെതിരെയുള്ള അപ്പീൽ നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് വോട്ട് ചെയ്യാനും സാധിച്ചിരുന്നില്ല.

Also read: