സ്ത്രീകളുടെ സൗജന്യ ബസ് യാത്ര; ബംഗാളിൽ പദ്ധതി നടപ്പിലാക്കി ബിജെപി സര്‍ക്കാര്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്രയ്ക്ക് ഔദ്യോഗികമായി തുടക്കമായി. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെയാണ് സ്ത്രീ ശാക്തീകരണവും പൊതുഗതാഗത ഉപയോഗവും ലക്ഷ്യമിട്ടുള്ള ഈ പദ്ധതി യാഥാർത്ഥ്യമാക്കിയത്. ജൂൺ 1 മുതൽ സംസ്ഥാനത്തുടനീളം ഈ യാത്രാ ആനുകൂല്യം സ്ത്രീകൾക്ക് ലഭ്യമായിത്തുടങ്ങി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഹ്രസ്വദൂര-ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്തുന്ന എല്ലാ സർക്കാർ ബസുകളിലും സ്ത്രീകൾക്ക് ഇനി മുതൽ സൗജന്യമായി യാത്ര ചെയ്യാം. ബംഗാളിലെ സ്ഥിരതാമസക്കാരായ വനിതകൾക്കാണ് ഈ ആനുകൂല്യത്തിന് അർഹതയുള്ളത്. പദ്ധതിയുടെ ദുരുപയോഗം തടയുന്നതിനായി ഗുണഭോക്താക്കൾക്ക് പേരും ഫോട്ടോയും ക്യൂആർ കോഡും അടങ്ങിയ പ്രത്യേക ഡിജിറ്റൽ സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യാൻ ഗതാഗത വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. അർഹരായവർക്ക് അതത് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ (ബിഡിഒ) വഴിയോ സബ് ഡിവിഷണൽ ഓഫീസർ വഴിയോ സ്മാർട്ട് കാർഡിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.