‘ബാക്ക് ടയർ ഇളകുന്നുണ്ട്, നട്ട് ലൂസാണ്’, കോഴിക്കോട് പെൺകുട്ടിയെ പേടിപ്പിച്ച് വണ്ടി നിർത്തിച്ച് പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ
കോഴിക്കോട്: യാത്രയ്ക്കിടെ സ്കൂട്ടർ തകരാറിലാണെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിലായി. കല്ലായി മുഖദാർ സ്വദേശി അറക്കത്തൊടിക അജ്മൽ ബിലാലിനെയാണ് (24) ചെമ്മങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കോടതി റിമാൻഡ് ചെയ്തു.
കഴിഞ്ഞദിവസം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ പിന്തുടർന്ന പ്രതി, വണ്ടിയുടെ പിൻ ചക്രം ഇളകുന്നുണ്ടെന്നും നട്ട് ലൂസാണെന്നും പറഞ്ഞ് പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. വാഹനം നന്നാക്കാൻ വർക്ക്ഷോപ്പ് കാണിച്ചുതരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നിർത്തിച്ച ശേഷം പീഡിപ്പിക്കാൻ ശ്രമിച്ചു. അവിടെനിന്നും രക്ഷപ്പെട്ട് പോയ പെൺകുട്ടിയെ പിന്തുടർന്നെത്തിയ പ്രതി വീണ്ടും വഴിയിൽ തടഞ്ഞുനിർത്തി ഉപദ്രവിക്കാൻ തുനിഞ്ഞു. പെൺകുട്ടി ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയും പ്രതി രക്ഷപ്പെടുകയുമായിരുന്നു.
തുടർന്ന് പെൺകുട്ടി നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ചുള്ളിക്കാട് വെച്ചാണ് പ്രതിയെ പോലീസ് പൊക്കിയത്. മോഷണം, മയക്കുമരുന്ന് ഉപയോഗം, സ്ത്രീപീഡനം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ അജ്മലിനെ നേരത്തെ കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തിയിരുന്നു. ഈ ഉത്തരവ് ലംഘിച്ച് ജില്ലയിൽ തിരിച്ചെത്തിയപ്പോഴാണ് വീണ്ടും ആക്രമണം നടത്തിയത്. ചെമ്മങ്ങാട് ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.