ഹിന്ദു പെൺകുട്ടിക്കൊപ്പം സഞ്ചരിച്ചെന്ന് ആരോപണം; വാരണാസിയിൽ മുസ്‍ലിം യുവാവിനെ സംഘ്പരിവാർ പ്രവർത്തകർ മർദിച്ചു
ലക്നൗ: ഉത്തർപ്രദേശിൽ ഹൈന്ദവ പെൺകുട്ടിക്കൊപ്പം കണ്ട മുസ്‌ലിം യുവാവിനെ സംഘ്പരിവാർ പ്രവർത്തകർ തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ചു. വാരണാസിയിലെ പ്രശസ്തമായ അസി ഘട്ടിൽ കഴിഞ്ഞ വെള്ളിയാഴ്ച്‌ചയാണ് സംഭവം നടന്നത്. ബറേലി സ്വദേശിയായ യുവാവിനെ ഒരു സംഘം ആളുകൾ പരസ്യമായി കൈയേറ്റം ചെയ്യുകയും ബലംപ്രയോഗിച്ച് മാപ്പ് പറയിപ്പിക്കുകയും ചെയ്തു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഗംഗാ തീരത്ത് ഹൈന്ദവ പെൺകുട്ടിക്കൊപ്പം നടക്കുകയായിരുന്ന യുവാവിനെ തടഞ്ഞുവെച്ച അക്രമിസംഘം കടുത്ത വർഗീയ പരാമർശങ്ങളോടെയാണ് മർദനം ആരംഭിച്ചത്. ഇനി മേലിൽ ഹൈന്ദവ പെൺകുട്ടികളുമായി സംസാരിക്കില്ലെന്നും അവരോടൊപ്പം ഒന്നിച്ച് കറങ്ങിനടക്കില്ലെന്നും യുവാവിനെക്കൊണ്ട് ഇവർ നിർബന്ധിപ്പിച്ച് പറയിപ്പിക്കുന്നതും വിഡിയോയിലുണ്ട്. ക്രൂരമായ ഭീഷണികൾക്കിടയിൽ യുവാവ് കൈകൂപ്പി മാപ്പപേക്ഷിക്കുന്നതും ചുറ്റും നിൽക്കുന്നവർ ഇയാളെ ഭയപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.
സംഭവം നടന്ന് ഏറെ വൈകിയാണ് പൊലീസ് സ്ഥലത്തെത്തിയത്. നിലവിൽ പ്രചരിക്കുന്ന വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അക്രമികളെ തിരിച്ചറിയാൻ ശ്രമം തുടങ്ങിയതായും കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രാദേശിക പൊലീസ് അറിയിച്ചു. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഉത്തർപ്രദേശിൽ ഇത്തരം സദാചാര ഗുണ്ടായിസവും വർഗീയ അതിക്രമങ്ങളും തുടർക്കഥയാവുകയാണ്. മാസങ്ങൾക്ക് മുമ്പ് ബറേലിയിൽ നടന്ന ഒരു ജന്മദിന ആഘോഷത്തിനിടെ മുസ്‌ലിം സുഹൃത്തുക്കളെ ക്ഷണിച്ചതിന്റെ പേരിൽ പെൺകുട്ടിക്കും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കും നേരെ തീവ്രവലതുപക്ഷ ഗ്രൂപ്പുകൾ സമാനമായ രീതിയിൽ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇത്തരം വർഗീയ അതിക്രമങ്ങൾക്കെതിരെ പൊതുസമൂഹത്തിൽ നിന്ന് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.