നീറ്റ് ചോദ്യപേപ്പർ ചോർച്ച: 10 ലക്ഷം നൽകി ചോദ്യംപേപ്പർ വാങ്ങിയിട്ടും ബിജെപി നേതാവിന്റെ മകന് ലഭിച്ചത് 720-ൽ 107 മാർക്ക്
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മുഖ്യസൂത്രധാരന്മാരിൽ ഒരാളായ പൂനെ സ്വദേശി മനീഷ് ഗുരുനാഥ് മന്ധാരയെ സിബിഐ അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറിടങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തിയത്.
അതേസമയം, പരീക്ഷയ്ക്ക് മുൻപ് തന്നെ ചോദ്യപേപ്പർ ലഭിച്ച യുവമോർച്ച നേതാവ് ദിനേഷ് ബിവാലിന്റെ മകൻ ഋഷി ബിവാലിനായി സിബിഐ തെരച്ചിൽ ശക്തമാക്കി. മകന് ഉയർന്ന വിജയം നേടിക്കൊടുക്കാൻ 10 ലക്ഷം രൂപ നൽകിയാണ് ചോദ്യപേപ്പർ വാങ്ങിയതെന്ന് ദിനേഷ് ബിവാൽ സമ്മതിച്ചു. എന്നാൽ, ചോദ്യപ്പേപ്പർ മുൻകൂട്ടി കിട്ടിയിട്ടും 720-ൽ വെറും 107 മാർക്ക് മാത്രമാണ് ഋഷിക്ക് നേടാനായതെന്ന് അധികൃതരുടെ പരിശോധനയിൽ കണ്ടെത്തി.
ഗ്രേസ് മാർക്കിന്റെ സഹായത്തോടെയാണ് ഋഷി 12-ാം ക്ലാസ് ജയിച്ചതെന്ന് വ്യക്തമാക്കുന്ന മാർക്ക്ഷീറ്റ് ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. 10-ാം ക്ലാസിൽ 44 ശതമാനവും 12-ാം ക്ലാസിൽ സെക്കൻഡ് ക്ലാസും മാത്രമായിരുന്ന ഋഷിയുടെ പഠനനിലവാരം മോശമായിരുന്നെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
കേസിൽ അറസ്റ്റിലായ മുഴുവൻ പ്രതികളെയും ചോദ്യം ചെയ്യാനാണ് സിബിഐ തീരുമാനം. കേരളത്തിൽ പഠിക്കുന്ന ഒരു രാജസ്ഥാൻ സ്വദേശിയായ വിദ്യാർഥിയിൽ നിന്നും ക്രൈംബ്രാഞ്ച് വിവരങ്ങൾ തേടിയിട്ടുണ്ട്. നേരത്തെ റദ്ദാക്കിയ മെയ് മൂന്നിലെ പരീക്ഷ ജൂൺ 21-ന് വീണ്ടും നടത്തും.