04/06/2026
[fontresizer_tawhidurrahmandear_widget]

‘തലയ്ക്ക് മുകളിൽ സാമ്പത്തിക പ്രതിസന്ധിയുടെ കാർമേഘങ്ങൾ, പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണം ചെയ്യുന്ന തിരക്കിൽ’: വിമർശിച്ച് രാഹുൽ ഗാന്ധി

 ‘തലയ്ക്ക് മുകളിൽ സാമ്പത്തിക പ്രതിസന്ധിയുടെ കാർമേഘങ്ങൾ, പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണം ചെയ്യുന്ന തിരക്കിൽ’: വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും ജനങ്ങളുടെ പ്രശ്നങ്ങൾ അവഗണിക്കുകയാണെന്ന് കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. രാജ്യത്തെ കർഷകരും യുവാക്കളും തൊഴിലാളികളും ജീവിക്കാൻ പാടുപെടുമ്പോൾ ഭരണകൂടത്തിന്റെ ഉന്നത നേതൃത്വം വെറും പിആർ പരിപാടികളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറ്റലി സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ഈ കടുത്ത വിമർശനം.

“നമ്മുടെ തലയ്ക്ക് മുകളിൽ സാമ്പത്തിക പ്രതിസന്ധിയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുമ്പോൾ, നമ്മുടെ പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണം ചെയ്യുന്ന തിരക്കിലാണ്. കർഷകരും യുവാക്കളും സ്ത്രീകളും തൊഴിലാളികളും ചെറുകിട വ്യാപാരികളും കണ്ണീർ കുടിക്കുമ്പോൾ, പ്രധാനമന്ത്രി ചിരിച്ചുകൊണ്ട് റീലുകൾ ഉണ്ടാക്കുന്നു. ബിജെപിക്കാർ അതിന് കൈയടിക്കുകയും ചെയ്യുന്നു. ഇതൊരു നേതൃത്വമല്ല, ഇതൊരു പ്രഹസനമാണ്”- രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലേയുടെ മെലഡി മിഠായി സമ്മാനിക്കുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ ഈ പരിഹാസം. പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്കെതിരെ ഉത്തർപ്രദേശിലെ റായ്ബറേലിയിൽ വെച്ചും രാഹുൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. സാധാരണക്കാരോട് സ്വർണം വാങ്ങരുതെന്നും വിദേശയാത്രകൾ നടത്തരുതെന്നും പറയുന്ന പ്രധാനമന്ത്രി, ആയിരക്കണക്കിന് കോടി രൂപ വിലമതിക്കുന്ന വിമാനത്തിലാണ് വിദേശത്തേക്ക് പറക്കുന്നതെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.

രാജ്യത്ത് കടുത്ത സാമ്പത്തിക കൊടുങ്കാറ്റ് രൂപപ്പെടുകയാണെന്ന് മുന്നറിയിപ്പ് നൽകിയ രാഹുൽ, കടുത്ത പണപ്പെരുപ്പത്തിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും വരും ദിവസങ്ങളിൽ എല്ലാ സാധനങ്ങൾക്കും വില കൂടുകയും വളത്തിന് ക്ഷാമം അനുഭവപ്പെടുകയും ചെയ്യുമെന്നും കൂട്ടിച്ചേർത്തു. നരേന്ദ്ര മോദി രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ പൂർണ്ണമായി വിറ്റഴിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

Also read: