11/05/2026
[fontresizer_tawhidurrahmandear_widget]

വിജയ്ക്കൊപ്പമുള്ള രാഹുലിന്റെ റീലും ചിത്രവും ബ്ലോക്ക് ചെയ്ത് ഇൻസ്റ്റഗ്രാം; പിന്നിൽ കേന്ദ്രമെന്ന് കോൺഗ്രസ്

 വിജയ്ക്കൊപ്പമുള്ള രാഹുലിന്റെ റീലും ചിത്രവും ബ്ലോക്ക് ചെയ്ത് ഇൻസ്റ്റഗ്രാം; പിന്നിൽ കേന്ദ്രമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമിഴക വെട്രി കഴകം നേതാവ് വിജയ്‌യും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റഗ്രാം നീക്കം ചെയ്തത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങൾ പകർത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ കോടിക്കണക്കിന് ആളുകൾ കണ്ട ഈ പോസ്റ്റുകൾ ബ്ലോക്ക് ചെയ്തതിന് പിന്നിൽ കേന്ദ്രസർക്കാരിന്റെ ഇടപെടലാണെന്ന് കോൺഗ്രസ് ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ സോഷ്യൽ മീഡിയ സ്വാധീനത്തെ കേന്ദ്രം ഭയപ്പെടുകയാണെന്നും നേതാക്കൾ പരിഹസിച്ചു.

അതേസമയം, കേന്ദ്ര സർക്കാർ ചട്ടങ്ങൾ ലംഘിച്ചതിനാലാണ് പോസ്റ്റുകൾ നീക്കം ചെയ്തതെന്നാണ് ഇൻസ്റ്റഗ്രാം നൽകുന്ന വിശദീകരണം. എന്നാൽ ഇതിൽ സർക്കാരിന് പങ്കില്ലെന്നും സാങ്കേതിക പ്രശ്നമാകാം കാരണമെന്നും കേന്ദ്രം വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക അക്കൗണ്ടുകളിലെ വ്യൂവർഷിപ്പ് കണക്കുകൾ പല പ്ലാറ്റ്‌ഫോമുകളും മറച്ചുവെക്കുകയാണെന്ന് കോൺഗ്രസ് നേരത്തെയും പരാതിപ്പെട്ടിരുന്നു. ലക്ഷക്കണക്കിന് ലൈക്കുകളും ഷെയറുകളും ലഭിച്ച പോസ്റ്റ് നീക്കം ചെയ്തതിനെതിരെ ശക്തമായ സൈബർ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ് ക്യാമ്പ്.

Also read: