കറന്റ് ബില്ല് രണ്ടും മൂന്നും ഇരട്ടിയാവുന്നു; യുപിയിൽ പുതുതായി സ്ഥാപിച്ച ‘സ്മാർട്ട് മീറ്ററുകൾ’ എടുത്തെറിഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം
ആഗ്ര: വീടുകളിൽ പുതുതായി ‘സ്മാർട്ട് മീറ്ററുകൾ’ സ്ഥാപിച്ചതിന് ശേഷം കറന്റ് ബില്ല് രണ്ടും മൂന്നും ഇരട്ടിയാവുന്നെന്ന് ആരോപിച്ച് മീറ്ററുകൾ പിഴുതെറിഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. മീറ്ററുകൾ ഓവർ സ്മാർട്ടാണെന്ന് വിമർശിച്ച് നിരവധി ആളുകൾ നാട്ടുകാരുടെ പ്രതിഷേധിക്കുന്ന വീഡിയോ പങ്കുവെച്ചു.
വൈദ്യുതി മോഷണം തടയാനും കൃത്യത ഉറപ്പാക്കാനുമായാണ് യുപി സർക്കാർ സ്മാർട്ട് പ്രീപെയ്ഡ് മീറ്ററുകൾ വ്യാപകമായി സ്ഥാപിച്ചത്. എന്നാൽ ഇത് വെച്ചതിനു പിന്നാലെ യാതൊരു കാരണവുമില്ലാതെ വൈദ്യുതി ബിൽ രണ്ടും മൂന്നും ഇരട്ടിയായെന്നും, റീചാർജ് ചെയ്താലും കണക്ഷൻ വിച്ഛേദിക്കപ്പെടുന്നുവെന്നും ആരോപിച്ച് ജനങ്ങൾ വലിയ പ്രതിഷേധത്തിലാണ്. പുതിയ മീറ്ററുകൾ പഴയതിനേക്കാൾ വേഗത്തിലാണ് പ്രവർത്തിക്കുന്നതെന്നും വ്യാപകമായി പരാതികളുണ്ട്. പ്രശ്‌നം രൂക്ഷമായതോടെ പലയിടങ്ങളിലും സർക്കാർ മീറ്റർ സ്ഥാപിക്കുന്നത് താൽക്കാലികമായി നിർത്തിവെക്കുകയും, കേടായ മീറ്ററുകൾ മാറ്റിനൽകാനും പരാതികൾ പരിഹരിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
പുതിയ മീറ്ററിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം സർക്കാരിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. നിരവധി ആളുകളാണ് സമൂഹമാധ്യമങ്ങളിൽ കുറഞ്ഞ സമയത്തിനുള്ളിൽ ഈ വീഡിയോ കണ്ടത്. ഇതിന് താഴെ സർക്കാരിനും വൈദ്യുതി വകുപ്പിനുമെതിരെ കടുത്ത വിമർശനങ്ങളാണ് ജനങ്ങൾ ഉന്നയിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ട് വിഷയത്തിൽ ഇടപെടണമെന്നും പലരും ആവശ്യപ്പെടുന്നുണ്ട്. അതേസമയം, മീറ്ററുകൾ പിഴുതെറിയുന്നതും നശിപ്പിക്കുന്നതും നിയമനടപടികൾക്ക് കാരണമാകുമെന്നതിനാൽ ഉപഭോക്താക്കൾ ഔദ്യോഗിക ഹെൽപ്പ് ലൈനുകൾ വഴിയോ പോർട്ടലുകൾ വഴിയോ പരാതികൾ രജിസ്റ്റർ ചെയ്യാനാണ് അധികൃതർ നിർദ്ദേശിക്കുന്നത്.