കോൺസ്റ്റബിൾ പരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ 8,000 രൂപയ്ക്ക് വിൽക്കാൻ ശ്രമം; ടെലഗ്രാം ചാനൽ അഡ്മിൻ പിടിയിൽ
ലക്‌നൗ: ഉത്തർപ്രദേശിൽ കോൺസ്റ്റബിൾ പരീക്ഷയുടെ വ്യാജ ചോദ്യപ്പേപ്പർ 8,000 രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ച ടെലഗ്രാം ചാനൽ അഡ്മിനെ പോലീസ് അറസ്റ്റ് ചെയ്തു. പരീക്ഷാ പേപ്പർ ചോർന്നുവെന്ന രീതിയിൽ ഉദ്യോഗാർത്ഥികൾക്കിടയിൽ പരിഭ്രാന്തി പരത്തി പണം തട്ടാൻ ശ്രമിച്ച ചാനൽ അഡ്മിനാണ് ഇപ്പോൾ പോലീസ് പിടിയിലായിരിക്കുന്നത്. വരാനിരിക്കുന്ന കോൺസ്റ്റബിൾ പരീക്ഷയുടെ യഥാർത്ഥ ചോദ്യപ്പേപ്പർ തങ്ങളുടെ പക്കലുണ്ടെന്ന് അവകാശപ്പെട്ടാണ് ‘യുപിപി എക്‌സാം പേപ്പർ’ എന്ന ടെലഗ്രാം ചാനലിലൂടെ ഇയാൾ തട്ടിപ്പിന് തുടക്കമിട്ടത്. ഉദ്യോഗാർത്ഥികളിൽ നിന്ന് 8,000 രൂപ വീതം ആവശ്യപ്പെടുകയും പണം കൈപ്പറ്റാനായി ഒരു ക്യുആർ കോഡും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചാനലിൽ പങ്കുവെക്കുകയുമായിരുന്നു.
ഈ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതോടെ ഉത്തർപ്രദേശ് പോലീസ് റിക്രൂട്ട്‌മെന്റ് ആൻഡ് പ്രൊമോഷൻ ബോർഡ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലഖ്‌നൗവിലെ ഹുസൈൻഗഞ്ച് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ചാനൽ അഡ്മിനെ പിടികൂടിയത്. ചോദ്യപ്പേപ്പർ ചോർന്നിട്ടില്ലെന്നും പ്രചരിച്ചത് പൂർണ്ണമായും വ്യാജമായ പേപ്പറാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികളുടെ ആശങ്ക മുതലെടുത്ത് പണം തട്ടാൻ വേണ്ടി മാത്രമാണ് ഇയാൾ വ്യാജ ചാനൽ ഉണ്ടാക്കിയത്. പരീക്ഷകളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ വഴി ഇത്തരം വ്യാജ വാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗാർത്ഥികൾ ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.