17/06/2026
[fontresizer_tawhidurrahmandear_widget]

പ്രാർത്ഥന പളളികളിൽ മാത്രമാക്കണം, തിരക്കാണെങ്കിൽ ഘട്ടം ഘട്ടമായി നമസ്‌കരിക്കുക, ഗതാഗത തടസമുണ്ടാക്കരുത്: യോഗി ആദിത്യനാഥ്

 പ്രാർത്ഥന പളളികളിൽ മാത്രമാക്കണം, തിരക്കാണെങ്കിൽ ഘട്ടം ഘട്ടമായി നമസ്‌കരിക്കുക, ഗതാഗത തടസമുണ്ടാക്കരുത്: യോഗി ആദിത്യനാഥ്

ലക്‌നൗ: പൊതുനിരത്തുകളിൽ നമസ്‌കാരം നിർവഹിക്കുന്നത് ഗതാഗത തടസ്സമുണ്ടാക്കുന്നുവെന്നും അതിനാൽ നമസ്‌കാരം പള്ളികളിൽ മാത്രമായി ഒതുക്കണമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പള്ളിയിൽ തിരക്കാണെങ്കിൽ ഘട്ടം ഘട്ടമായി പള്ളികൾക്കുള്ളിൽ വെച്ച് തന്നെ നമസ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റോഡുകൾ മതപരമായ പ്രാർത്ഥനകൾക്കോ ഒത്തുചേരലുകൾക്കോ ഉള്ള ഇടമല്ലെന്നും ഇത്തരത്തിൽ പെരുമാറുന്നത് സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്‌നേഹത്തോടും സഹകരണത്തോടും കൂടി ഇക്കാര്യം മനസ്സിലാക്കാൻ എല്ലാവരും തയ്യാറാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. എന്നാൽ, സ്വമേധയാ ഇത് പാലിക്കാൻ തയ്യാറായില്ലെങ്കിൽ നിയമം നടപ്പിലാക്കാൻ മറ്റ് മാർഗങ്ങൾ സ്വീകരിക്കേണ്ടി വരുമെന്ന് അദ്ദേഹം കർശന മുന്നറിയിപ്പും നൽകി. വെള്ളിയാഴ്ചകളിലും വിശേഷ ദിവസങ്ങളിലും റോഡുകളിൽ പ്രാർത്ഥനകൾ നടത്തുന്നത് വഴി ഉണ്ടാകുന്ന തടസങ്ങൾ നീക്കി ഗതാഗതം സുഗമമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

പൊതുസ്ഥലങ്ങളിലെ കയ്യേറ്റങ്ങൾ ഒഴിവാക്കാനും ശബ്ദമലിനീകരണം ഉണ്ടാക്കുന്ന ലൗഡ് സ്പീക്കറുകൾ നീക്കം ചെയ്യാനും നേരത്തെ തന്നെ ഉത്തർപ്രദേശ് സർക്കാർ നടപടികൾ തുടങ്ങിയിരുന്നു. കോടിക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന മഹാകുംഭമേള പോലെയുള്ള വലിയ ആഘോഷങ്ങൾ ക്രമത്തോടും അച്ചടക്കത്തോടും കൂടി നടക്കാമെങ്കിൽ മറ്റ് മതപരമായ ചടങ്ങുകളും അച്ചടക്കത്തോടെ നടത്താൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. മതസ്വാതന്ത്ര്യം ഒരിക്കലും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതോ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതോ ആകരുത് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

യോഗി ആദിത്യനാഥിന്റെ ഈ പ്രസ്താവന സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. പൊതുക്രമത്തിന് മുൻഗണന നൽകുന്ന അദ്ദേഹത്തിന്റെ നടപടിയെ നിരവധി പേർ പ്രശംസിക്കുമ്പോൾ, ഇത് ഒരു പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചുള്ളതാണെന്ന് പ്രതിപക്ഷവും ചില സംഘടനകളും ആരോപിക്കുന്നുണ്ട്. മറ്റ് മതപരമായ ഘോഷയാത്രകൾക്കും സമാനമായ നിയന്ത്രണങ്ങൾ ബാധകമാണോ എന്ന് ഇവർ ചോദ്യം ഉയർത്തുന്നു.

Also read: