17/06/2026
[fontresizer_tawhidurrahmandear_widget]

‘ഈ ലോകം വിട്ട് ദൂരേക്ക് പോവുന്നു’; ഒരു നീറ്റ് പരീക്ഷാർത്ഥി കൂടി ജീവനൊടുക്കി

 ‘ഈ ലോകം വിട്ട് ദൂരേക്ക് പോവുന്നു’; ഒരു നീറ്റ് പരീക്ഷാർത്ഥി കൂടി ജീവനൊടുക്കി

കോട്ട: നീറ്റ് പരീക്ഷയ്ക്കായി തയാറെടുത്തിരുന്ന ഒരു വിദ്യാർത്ഥി കൂടി ജീവനൊടുക്കി. രാജസ്ഥാനിലെ കോട്ടയിലെ കോച്ചിങ് സെന്ററിലാണ് സംഭവം. ബിഹാർ സ്വദേശിയായ ഉമേഷ് (22) ആണ് ജീവനൊടുക്കിയത്. ചോദ്യപേപ്പർ ചോർച്ച കാരണം റദ്ദാക്കിയ നീറ്റ് പരീക്ഷ ഉമേഷിന്റെ മൂന്നാമത്തെ ശ്രമമായിരുന്നു. പരീക്ഷ റദ്ദാക്കി കടുത്ത മാനസിക സംഘർഷത്തിലായിരുന്നു വിദ്യാർത്ഥി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ ഒരു മാസത്തിനിടയിൽ ഈ കോച്ചിങ് സെന്ററിലെ രണ്ടാമത്തെ ആത്മഹത്യയാണ്.

ഈ വർഷം മാത്രം മെഡിക്കൽ, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകൾക്ക് കോച്ചിംഗ് നൽകുന്ന കോട്ടയിൽ ജീവനൊടുക്കുന്ന പതിനൊന്നാമത്തെ വിദ്യാർത്ഥിയാണിത്. താൻ ഈ ലോകം വിട്ട് ദൂരേക്ക് പോവുകയാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഈ തീരുമാനമെന്നും വ്യക്തമാക്കുന്ന കുറിപ്പ് പോലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. കഴിഞ്ഞ ആഗസ്ത് മുതൽ ഈ കോച്ചിംഗ് ഇൻസ്റ്റിറ്റിയൂട്ടിൽ നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു യുവാവ്.

സംഭവദിവസം രാത്രി ഏറെ വൈകിയിട്ടും വിദ്യാർത്ഥിയെ പുറത്തുകാണാതിരുന്നതിനെത്തുടർന്ന് സുഹൃത്തുക്കളുടെ അന്വേഷണത്തിലാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഈ വിവരം കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും അവർ എത്തിയ ശേഷമേ തുടർ നടപടികൾ ഉണ്ടാകൂ എന്നും പോലീസ് വ്യക്തമാക്കി.

നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ പുറത്തു വന്നതിനു പിന്നാലെ പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന മാനസിക സമ്മർദ്ദവും ആത്മഹത്യകളും വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞ വർഷം മാത്രം ഇരുപത്തിയാറോളം വിദ്യാർത്ഥികളാണ് ഇവിടെ സമാനമായ രീതിയിൽ ജീവിതം അവസാനിപ്പിച്ചത്. വിദ്യാർത്ഥികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായി ജില്ലാ ഭരണകൂടവും സംസ്ഥാന സർക്കാരും നിരവധി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ഹോസ്റ്റൽ മുറികളിൽ ആന്റിഹാങ്ങിംഗ് ഫാനുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ സുരക്ഷാ മുൻകരുതലുകൾ നിലനിൽക്കുമ്പോഴും, പരീക്ഷാ ഭാരവും കടുത്ത മത്സരവും മൂലം വിദ്യാർത്ഥികൾക്ക് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ തുടരുകയാണ്.

Also read: